വിനീത്, മുക്ത, ബാലതാരം തൻഹ ഫാത്തിമ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്ര 'കുരുവി പാപ്പ'യുടെ ട്രെയിലർ പുറത്ത്. നിർമാതാവ് ബാദുഷയാണ് ട്രെയിലർ പുറത്തിറക്കിയത്.
തൻഹ ഫാത്തിമ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ കൈലാഷ്, സന്തോഷ് കീഴാറ്റൂർ മണിക്കുട്ടൻ, ലാൽ ജോസ്, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ചെറുപ്രായത്തിൽ തന്നെ ഒരു പെൺകുട്ടി അനുഭവിച്ച അവഹേളനവും തുടർന്ന് അവളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് 'കുരുവി പാപ്പ' തിരശീലയിലേക്ക് പകർത്തുന്നത്. മകൾ അനുഭവിച്ച ദുരനുഭവങ്ങൾ ലോകത്തെ നേരിട്ട് അറിയിക്കാനാണ് ചിത്രം ഒരുക്കിയതെന്ന് നിർമാതാവും തൻഹയുടെ പിതാവുമായ കെ കെ ബഷീർ പറഞ്ഞു.
യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമായതിനാൽ കഥ കേട്ടപ്പോൾ തന്നെ ഈ ചിത്രത്തിന് ഒരു ആത്മാവ് ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പായിരുന്നു എന്ന് നടൻ വിനീത് പറഞ്ഞു. നടൻ മണിക്കുട്ടനെ ചിത്രത്തിലേക്ക് ഒരു കൊറിയോഗ്രാഫറുടെ വേഷത്തിൽ
കാസ്റ്റ് ചെയ്യാൻ സംവിധായകനെ പ്രേരിപ്പിച്ചതും വിനീത് ആയിരുന്നു. മനുഷ്യരുടെ വികാരങ്ങൾ എല്ലായിടത്തും ഒരുപോലെയാണ്.
അതുകൊണ്ടുതന്നെ ചിത്രം ജനങ്ങളെ വല്ലാതെ ആകർഷിക്കുമെന്ന് കരുതുന്നു. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹനനാണ് തന്നെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്ന് നടി മുക്ത വ്യക്തമാക്കി. കുറച്ചുനാളായി മലയാള സിനിമയിൽ നിന്ന് ഒരു ഇടവേളയിലായിരുന്നു. മിനി സ്ക്രീനുകളിലും സോഷ്യൽ മീഡിയകളിലും സജീവമായിരുന്നെങ്കിലും 'കുരുവി പാപ്പ'യുടെ ആശയം തന്നെയാണ് വീണ്ടും മലയാള സിനിമയിലേക്ക് കടന്നു വരാൻ തന്നെ പ്രേരിപ്പിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രശസ്ത ഛായഗ്രഹകൻ വിപിൻ മോഹനാണ് 'കുരുവി പാപ്പ'യ്ക്കായി കാമറ ചലിപ്പിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച് വിപിൻ മോഹന്റെ അത്യുജ്ജ്വലമായ തിരിച്ചറിവ് കൂടിയായിരുന്നു ഈ ചിത്രം. ഈ പ്രായത്തിലും സിനിമയോട് അദ്ദേഹം കാണിക്കുന്ന ആത്മാർഥത എടുത്ത് പറയേണ്ടതാണെന്നും 'കുരുവി പാപ്പ'യുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ് എന്നിവരാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. അബ്ദുൾ റഹിം യു കെ, ജാസിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവർ കുരുവി പാപ്പ' സിനിമയുടെ സഹ നിർമ്മാതാക്കളാണ്.