നടനും സംവിധായകനുമായ വിനീത് കുമാർ നായകനായി പുതിയ ചിത്രം വരുന്നു. ഇർഫാൻ കമാൽ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'ദി സസ്‌പെക്‌ട് ലിസ്റ്റ്' എന്ന ചിത്രത്തിലാണ് വിനീത് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഒടിടി റിലീസായാണ് ഈ ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. സിനിമയുടെ ട്രെയിലർ പുറത്തുവന്നു.
- " class="align-text-top noRightClick twitterSection" data="">
ഏറെ നിഗൂഢതകൾ ബാക്കിയാക്കി അവസാനിക്കുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. പരിപൂർണ പരീക്ഷണ ചിത്രമായാണ് 'ദി സസ്‌പെക്‌ട് ലിസ്റ്റ്' അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിലാണ് ചിത്രീകരിച്ചത്. ലോക സിനിമകളിൽ മാത്രം കണ്ട് പരിചയിച്ച ഈ രീതി മലയാളത്തിലും പരീക്ഷിക്കപ്പെടുമ്പോൾ സിനിമാസ്വാദകർ ഏറെ ആവേശത്തിലാണ്.
ഈ മാസം 19-ാം തീയതി ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കും (The Suspect List to Release in OTT on February 19). ഐസ്‌ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് 'ദി സസ്‌പെക്‌ട് ലിസ്റ്റ്' റിലീസ് ചെയ്യുക. വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
ജിഷ ഇർഫാനാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മനുനാഥ് പള്ളിയാടി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സുനേഷ് സെബാസ്റ്റ്യനാണ്. അജീഷ് ആന്‍റോയാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
അതേസമയം 'പവി കെയര്‍ ടേക്കര്‍' (Pavi Care Taker) ആണ് വിനീത് കുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ദിലീപാണ് ഈ ചിത്രത്തിലെ നായകൻ. ദിലീപിന്‍റെ കരിയറിലെ 149-ാമത് ചിത്രമാണ് 'പവി കെയര്‍ ടേക്കര്‍'. വിനീതിന്‍റെ സംവിധാനത്തിൽ എത്തുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.
ഈ സിനിമയുടെ ചിത്രീകരണം ഏപ്രിൽ 15 മുതൽ എറണാകുളത്ത് ആരംഭിക്കുമെന്നാണ് വിവരം. രാജേഷ് രാഘവൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്ന 'പവി കെയര്‍ ടേക്കര്‍' സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സനു താഹിർ ആണ്. ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സംഗീതം പകരുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, പ്രൊഡക്ഷൻ കൺട്രോളർ - രഞ്ജിത്ത് കരുണാകരൻ, പ്രൊജക്‌ട് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻ - യെല്ലോടൂത്ത്‌സ് എന്നിവർ ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.
ALSO READ: 'പവി കെയര്‍ ടേക്കറാ'കാൻ ദിലീപ്; സംവിധാനം വിനീത്, ടൈറ്റിൽ പുറത്ത്