മുംബൈ : 'ട്വല്‍ത്ത് ഫെയില്‍' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ നടനാണ് വിക്രാന്ത് മാസി. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച താരത്തിന്‍റെ ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അധിക ചാര്‍ജ് വാങ്ങിയതുമായി ബന്ധപ്പെട്ട് ക്യാബ് ഡ്രൈവറുമായി വിക്രാന്ത് മാസി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ആണ് പ്രചരിച്ചത്.
വീഡിയോയ്‌ക്ക് പിന്നാലെ താരത്തിന് നേരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തിലിപ്പോള്‍ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ക്യാബ് ലോഞ്ചിന്‍റെ ഭാഗമായി സൃഷ്‌ടിച്ച വീഡിയോ ആയിരുന്നു പ്രചരിച്ചത് എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ലോഞ്ചിങ് പരിപാടിയിൽ നിന്നുള്ള വിക്രാന്ത് മാസിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
പ്രസ്‌തുത കമ്പനി മറ്റ് കമ്പനികളെപ്പോലെ സ്വേച്ഛാപരമായി പ്രവർത്തിക്കില്ലെന്നും യാത്രക്കാരിൽ നിന്ന് ന്യായമായ നിരക്ക് മാത്രമേ ഈടാക്കൂവെന്നും ക്യാബ് ഡ്രൈവറുമായി വഴക്കിടുന്ന വീഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയിൽ വിക്രാന്ത് ഒരു ക്യാബിൽ ഇരിക്കുന്നതാണ് കാണിക്കുന്നത്.
തുടര്‍ന്ന് കൂലി നല്‍കാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുമ്പോള്‍ ഇതിന് മറുപടിയായി വിക്രാന്ത് എങ്ങനെയാണ് കൂലി ഇത്രയും കൂടിയതെന്ന തരത്തില്‍ ചോദ്യമുയര്‍ത്തുന്നു. ഇതിന് പിന്നാലെ താരവും ക്യാബ് ഡ്രൈവറും തമ്മിൽ യാത്രാനിരക്കിനെച്ചൊല്ലി രൂക്ഷമായ വാക്ക് തർക്കം ഉണ്ടാവുകയും ഇത് ആപ്പിന്‍റെ സ്വേച്ഛാധിപത്യമാണെന്ന് പറയുകയും ചെയ്യുന്നു.
ശേഷം ഡ്രൈവർ, നിങ്ങൾ ഇത്രയും പണം സമ്പാദിക്കുന്നു, എന്നിട്ടും നിങ്ങൾ പണം നൽകുന്നില്ലെന്ന് വിക്രാന്ത് മാസിയോട് പറയുന്നു. മറുപടിയായി വിക്രാന്ത്, താൻ കഠിനാധ്വാനത്തിലൂടെയാണ് സമ്പാദിക്കുന്നതെന്നും പറയുന്നു. ഇതെല്ലാം ക്യാബ് പ്രൊമോഷന്‍റെ ഭാഗമായിരുന്നു എന്നാണ് നിലവില്‍ പുറത്തു വരുന്നത്.