ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. ചിയാൻ വിക്രമിൻ്റെ 'തങ്കലാൻ' ട്രെയിലർ പുറത്ത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങാൻ വളരെയധികം കാലതാമസം നേരിട്ടെങ്കിലും ചിത്രത്തിൻ്റെ ട്രെയിലർ ആരാധകർക്കിടയിൽ ആവേശം സൃഷ്‌ടിച്ചിരിക്കുകയാണ്. കോലാർ ഗോൾഡ് ഫീൽഡ് മേഖലയിലെ ബ്രിട്ടീഷ് കോളനിവൽക്കരണത്തിനെതിരെ പോരാടുന്ന ആദിവാസി നേതാവിൻ്റെ കഥ പറയുന്ന ആക്ഷൻ ഡ്രാമ ചിത്രമാണ് 'തങ്കലാൻ'.
ശത്രുക്കൾക്കെതിരെ പൊരുതുന്ന നായകനെ ട്രെയിലറിൽ കാണുവാനാകും. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ചിയാൻ വിക്രമിനോടൊപ്പം പാർവതി തിരുവോത്ത്, ഡാനിയൽ കാൽടാഗിറോൺ, പശുപതി, മാളവിക മോഹനൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും. പാ രഞ്ജിത്ത് സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ജിവി പ്രകാശ് കുമാറാണ്. കെഇ ജ്ഞാനവേൽ രാജയുടെയും ജ്യോതി ദേശ്‌പാണ്ഡെയുടെയും ബാനറിൽ ഗ്രീൻ സ്റ്റുഡിയോയും ജിയോ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
2024 ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണമാണ് റീലീസ് തീയതി നീട്ടിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തും. ഔദ്യോഗിക പ്രഖ്യാപനം ഇനിയും ബാക്കിയുണ്ടെങ്കിലും ചിത്രത്തിൻ്റെ റിലീസിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Also Read: 'തങ്കലാനി'ൽ വിക്രത്തിന് ഡയലോഗില്ലേ ?, പ്രേക്ഷകർക്കിടയിൽ ആശങ്ക ; വിശദീകരണവുമായി മാനേജർ