തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വികമിനെ നായകനാക്കി സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് 'തങ്കലാൻ'. ഓഗസ്‌റ്റ് 15ന് തിയേറ്ററുകളിലെത്തിയ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വിദേശത്തുമായി മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ 'തങ്കലാന്‍' 100 കോടി ക്ലബിൽ ഇടംപിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീ ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. റിലീസിന്‍റെ ആദ്യ ദിനം തന്നെ ആഗോള ഗ്രോസായി 26 കോടിയാണ് 'തങ്കലാൻ' സ്വന്തമാക്കിയത്. സെപ്റ്റംബർ 6ന് 'തങ്കലാൻ' ഉത്തരേന്ത്യയിലും റിലീസ് ചെയ്യും.
കോലാർ ഗോൾഡ് ഫീൽഡിൻ്റെ പശ്ചാത്തലത്തിൽ, 1918-1919 നൂറ്റാണ്ടുകളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്. സ്വർണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട ബ്രിട്ടീഷ് കൊളോണിയൽ സേനയ്‌ക്കെതിരെ ഒരു ആദിവാസി നേതാവ് നടത്തുന്ന ചെറുത്തുനിൽപ്പാണ് സിനിമയ്‌ക്ക് പ്രചോദനമേകിയത്.
വിക്രമിനെ കൂടാതെ മലയാളികളുടെ പ്രിയ താരം പാർവതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. കൂടാതെ മാളവിക മോഹനൻ, ഡാനിയൽ കാൽടാഗിറോൺ, പശുപതി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.
സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് സിനിമയുടെ നിർമ്മാണം നിര്‍വഹിച്ചത്. ദേശീയ അവാർഡ് ജേതാവ് ജി.വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ.കെ ചിത്രസംയോജനവും നിര്‍വഹിച്ചു. കലാസംവിധാനം - എസ്.എസ് മൂർത്തി, സംഘട്ടനം - സ്‌റ്റന്നർ സാം, ഡിസ്ട്രിബ്യൂഷൻ പാര്‍ട്‌ണര്‍ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.