കോട്ടയം: മള്ളിയൂരിലെ ശ്രീ മഹാഗണപതി ക്ഷേത്രത്തെ സംഗീതത്തില്‍ അലിയിച്ച് വിജയ് യേശുദാസ്. 'പാവന ഗുരുപവനപുര ധീശമാശ്രയേ... ജീവന ധാര സംഘാശം'... എന്ന് തുടങ്ങുന്ന ഹംസനന്ദി രാഗത്തിലുള്ള ലളിത ദാസരുടെ ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ടുള്ള സംസ്‌കൃത കൃതി ആലപിച്ചു കൊണ്ടാണ് കച്ചേരി ആരംഭിച്ചത്.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി സ്ഥാപിച്ച കുറുപ്പന്തറയക്കടുത്ത് മള്ളിയൂരിലെ ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി മഹോത്സവത്തിന്‍റെ ഭാഗമായാണ് സംഗീത കച്ചേരി അവതരിപ്പിക്കാന്‍ വിജയ് യേശുദാസ് എത്തിയത്. വിനായക ചതുർഥി മഹോത്സവത്തോട് അനുബന്ധിച്ചുള്ള തിരുവുത്സവത്തിന്‍റെ അഞ്ചാം ദിവസം വൈകിട്ടായിരുന്നു വിജയ് യേശുദാസിന്‍റെ സംഗീത വിരുന്ന്. ക്ഷേത്രത്തിലെത്തിയ വിജയ് യേശുദാസിനെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും മള്ളിയൂർ ദിവാകരൻ നമ്പൂതിരിയും ചേർന്ന് സ്വീകരിച്ചു. 7.30ന് വൈഷ്‌ണവ ഗണപതിയായ മള്ളിയൂർ മഹാ ഗണപതിയുടെ അനുഗ്രഹം ഏറ്റുവാങ്ങി ഗണേശ മണ്ഡപത്തിൽ നിറഞ്ഞ സദസിന് മുന്നിലാണ് വിജയ് യേശുദാസ് സംഗീത സന്ധ്യ അവതരിപ്പിച്ചത്.
ചെമ്പൈ വൈദ്യനാഥ ഭാഗവതരും പിന്നീട് യേശുദാസും പാടി അനശ്വരമാക്കിയ കൃതി യേശുദാസിന്‍റെ മകന്‍ തന്നെ വേദിയില്‍ ആലപിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ ജനങ്ങളുടെ മനസ് നിറഞ്ഞു. ഏഴ് മിനിറ്റ് നീളമുള്ള ഈ കൃതിയും മറ്റു കീര്‍ത്തനങ്ങളുമാണ് ആലപിച്ചത്. ഇതുകൂടാതെ ജനപ്രിയ ഗുരുവായൂരപ്പ ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ആലപിച്ചപ്പോള്‍ അത് ജനങ്ങള്‍ക്ക് മറക്കാനാവാത്ത ശ്രവ്യാനുഭവമായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വയലിനില്‍ വിവേക് രാജും മൃദംഗത്തില്‍ എൻ ഹരിയും ഘടത്തില്‍ തൃപ്പൂണിത്തുറ രാധാകൃഷ്‌ണനും ഗഞ്ചിറയില്‍ ഹരീഷ് ആർ മേനോനും ചേർന്ന് പക്കമേളം ഒരുക്കി. തുടർന്ന് 9.30ന് വിളക്ക് എഴുന്നള്ളിപ്പ് നടന്നു. ഉദയ കാസർകോട് ആൻഡ് പാർട്ടിയുടെ സക്‌സഫോൺ സേവയും നടന്നു.
സെപ്റ്റംബർ 7നാണ് മള്ളിയൂർ വിനായക ചതുർഥി ആഘോഷം. നാളെ രാവിലെ നാലിന് നിർമാല്യ ദർശനം, 5.30ന് 100008 നാളികേരത്തിന്‍റെ മഹാഗണപതി ഹോമം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. 11ന് മഹാഗണപതി ഹോമം ദർശനവും 12ന് ഗജപൂജ ആനയൂട്ട് എന്നിവയും നടക്കും. വൈകിട്ട് 5. 30ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും 120 ഓളം കലാകാരന്മാരും പാണ്ടിമേളവും പത്മശ്രീ കുട്ടന്മാരുടെ പഞ്ചാരിമേളവും അവതരിപ്പിക്കും.
Also Read: നന്ദമൂരി ബാലകൃഷ്‌ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ സിനിമയിലേയ്‌ക്ക്; അരങ്ങേറ്റം പ്രശാന്ത് വർമ്മക്കൊപ്പം