തെന്നിന്ത്യയുടെ പ്രിയതാരം വിജയ് ദേവരകൊണ്ട നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമയാണ് 'ദി ഫാമിലി സ്റ്റാർ'. മൃണാൾ താക്കൂറാണ് ഈ സിനിമയിൽ നായികയായി എത്തിയത്. എന്നാൽ 'ഫാമിലി സ്റ്റാറി'ന് ബോക്‌സ് ഓഫിസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.
50 കോടി രൂപയോളമായിരുന്നു ഈ സിനിമയുടെ നിർമാണ ചെലവ് എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ആദ്യം മുതല്‍ സമിശ്ര പ്രതികരണം മാത്രം ലഭിച്ച 'ഫാമിലി സ്റ്റാറി'ന് മുടക്കുമുതൽ പോലും നേടാനായില്ല എന്നാണ് വിവരം. ഇപ്പോഴിതാ ഈ സിനിമ ഒടിടിയിലേക്കും എത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രം മെയ് 3-ന് ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'ഫാമിലി സ്റ്റാറി'ന്‍റെ പോസ്റ്റ് - തിയേറ്റർ സ്‌ട്രീമിംഗ് റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദില്‍ രാജു നിർമിച്ച ഫാമിലി സ്റ്റാർ പരശുറാം ആണ് സംവിധാനം ചെയ്‌തത്.
ഏപ്രില്‍ 5-നാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ 'ഫാമിലി സ്റ്റാറി'ന് കുടുംബപ്രേക്ഷകരെ കാര്യമായി ആകർഷിക്കാൻ സാധിച്ചില്ല എന്നാണ് വിലയിരുത്തൽ. ഇതിനിടെ 'ഫാമിലി സ്റ്റാറി'നെതിരെ സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ ഹൈദരാബാദ് മദാപൂരിലെ സൈബരാബാദ് പൊലീസിൽ പരാതി നൽകിയിരുന്നു. വിജയ് ദേവരകൊണ്ടയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്‍റെ പേരിലും താരത്തിന്‍റെ ആരാധകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം വിജയ്‌യുടെ തുടർച്ചയായ നാലാമത്തെ ഫ്ലോപ് കൂടിയാണ് 'ഫാമിലി സ്റ്റാർ'. താരം പ്രധാന വേഷത്തിലെത്തിയ കഴിഞ്ഞ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫിസിൽ തകർന്നിരുന്നു. 100 കോടി ബജറ്റിലെത്തിയ 'ലൈഗർ' സമ്പൂർണ പരാജയമായപ്പോൾ 70 കോടി മുടക്കി എത്തിയ, സാമന്തയും പ്രധാന വേഷത്തിലുള്ള 'ഖുഷി' കഷ്‌ടിച്ചാണ് മുടക്കു മുതൽ തിരിച്ചുപിടിച്ചത്.
2022-ൽ പുറത്തിറങ്ങിയ, മഹേഷ് ബാബു നായകനായ 'സർക്കാർ വാരി പാട്ട' എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്‌ത സിനിമയാണ് 'ഫാമിലി സ്റ്റാർ'. 2022ൽ ആണ് 'സർക്കാർ വാരി പാട്ട' പുറത്തിറങ്ങിയത്. ഇത് രണ്ടാം തവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും കൈകോർക്കുന്നത്. നേരത്തെ ഹിറ്റ് സിനിമയായ 'ഗീതാഗോവിന്ദ'ത്തിലാണ് ഇരുവരും ഒന്നിച്ചത്. രശ്‌മിക മന്ദാന ആയിരുന്നു ഈ സിനിമയിലെ നായിക.
ALSO READ: ശോഭനയ്ക്ക് കൈ കൊടുത്ത് മോഹന്‍ലാല്‍; തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന് തുടക്കം