ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്‌നാട്ടില്‍ നല്ല നേതാക്കളില്ലെന്നും നല്ല വിദ്യാഭ്യാസമുള്ളവരും നന്നായി പഠിച്ചവരുമാണ് ഈ രംഗത്തേക്ക് വരേണ്ടതെന്നും വിജയ് പറഞ്ഞു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
'നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി പ്രയത്നിക്കുക. നമുക്ക് വേണ്ടത് മികച്ച ഡോക്‌ടർമാരോ എൻജിനീയർമാരോ മാത്രമല്ല. തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെ കൂടിയാണ്. നല്ലതുപോലെ പഠിക്കുന്നവരും രാഷ്‌ട്രീയത്തിലേക്ക് വരണം'.
'തെറ്റും ശരിയും തിരിച്ചറിഞ്ഞ് വേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അതുപോലെ വിശ്വസിക്കരുത്. ചില രാഷ്‌ട്രീയ പാർട്ടികൾ മുന്നോട്ട് ഉയര്‍ത്തുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് വേണം മികച്ച നേതാവിനെ തെരഞ്ഞെടുക്കാനെന്ന്' വിജയ് കുട്ടികളോട് പറഞ്ഞു.
ലഹരി മാഫിയയ്‌ക്കെതിരെയും താരം തുറന്നടിച്ചു. 'സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംപററി പ്ലഷേഴ്‌സ്' എന്ന് കുട്ടികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചാണു താരം പ്രസംഗം അവസാനിപ്പിച്ചത്. പുരസ്‌കാര സമർപ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ്, ആദ്യം വേദിയിലേക്കു കയറാതെ സദസിലെ ദലിത് വിദ്യാർഥികൾക്കൊപ്പമാണ് ഇരുന്നത്. പ്രസംഗത്തിനായി വേദിയിലേക്ക് കയറിയ താരത്തെ വലിയ കയ്യടികളോടെയാണ് വരവേറ്റത്.
ALSO READ: സൂപ്പർ ലീഗ് കേരള: കൊച്ചി പൈപ്പേഴ്‌സിന്‍റെ സഹ ഉടമയായി സൂപ്പർതാരം പൃഥ്വിരാജ്