എറണാകുളം: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പർ സ്‌റ്റാർ രജനികാന്തിന്‍റെ 'വേട്ടയ്യൻ' ഇന്ന് തിയേറ്റുകളിൽ പ്രദർശനത്തിനെത്തി. ടിജെ ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ആദ്യ ഷോ കഴിയുമ്പോൾ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ പ്രധാന സെന്‍ററുകളില്‍ പുലർച്ചെ ഏഴ് മണിക്ക് ആദ്യ ഷോ ആരംഭിച്ചിരുന്നു. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 10 മണിയോടെ ആദ്യ ഷോ കഴിയുമ്പോൾ സിനിമയുടെ ദൈർഘ്യത്തെപ്പറ്റി കണ്ടിറങ്ങിയ ഒരാളും പരാതി പറഞ്ഞില്ല.
സിനിമ കണ്ടവരെല്ലാം രജനികാന്തിന്‍റെ പ്രകടനത്തെ വാനോളം പുകഴ്ത്തി. ചിത്രത്തിൽ ബാറ്ററി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിനും രജനികാന്തിനോളം പ്രശംസ ലഭിക്കുന്നുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ 'വേട്ടയ്യന്‍റെ' ട്രെയിലറിന് സോഷ്യൽ മീഡിയയിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം തിയേറ്ററിൽ കൊളുത്തിയിട്ടുണ്ട് എന്നാണ് പ്രേക്ഷക അഭിപ്രായം. ട്രെയിലറിൽ രജനികാന്ത് ദൈർഘ്യമുള്ളൊരു ഡയലോഗ് പറയുന്ന രംഗം ഉൾപ്പെടുത്തിയിരുന്നു.
രജനീകാന്തിന്‍റെ ഡയലോഗ് ഡെലിവറിക്ക് പഴയ പഞ്ചില്ല, മികച്ച രീതിയിൽ ഡയലോഗ് ഡെലിവറി ചെയ്യാനുള്ള കഴിവ് ഒക്കെ നഷ്‌ടപ്പെട്ടു തുടങ്ങിയ തരത്തിലുള്ള വിമർശനങ്ങളും ആക്ഷേപങ്ങളും ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അതിനൊക്കെയുള്ള മറുപടി തിയേറ്ററിൽ രജനികാന്ത് നല്‍കിയിട്ടുണ്ട് എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവർ പ്രതികരിച്ചത്.
പ്രായഭേദമന്യേ പ്രേക്ഷകർ ആദ്യ ഷോ കാണാൻ തിയേറ്ററുകളില്‍ എത്തി. തിയേറ്റര്‍ വിട്ടവരെല്ലാം സിനിമ മികച്ചതെന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. അനിരുദ്ധിന്‍റെ സംഗീതത്തിനും പരാതിയില്ല. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും തന്‍റെ വേഷം മികച്ചതാക്കി. മഞ്ജു വാര്യരുടെ പ്രകടനത്തെയും പ്രേക്ഷകര്‍ പ്രശംസിച്ചു.
കഥയിൽ കുറച്ചു കൂടി പുതുമ നൽകാമായിരുന്നു, സെക്കൻഡ് ഹാഫിലെ ചെറിയൊരു ലാഗ് ഒഴിവാക്കാമായിരുന്നു എന്നിങ്ങനെയുള്ള ചെറിയ പരാതികളും ചില പ്രേക്ഷകർ ഉന്നയിച്ചു. എന്തൊക്കെയായാലും തിയേറ്ററിൽ തലൈവരുടെ അഴിഞ്ഞാട്ടം ആയിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതികരിച്ചത്.