എറണാകുളം : ഏതാനും നാളുകളായി തിയേറ്ററുകളില്‍ വിജയക്കൊടി പാറിക്കുകയാണ് ചിദംബരത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാളം സര്‍വൈവല്‍ ത്രില്ലര്‍. യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം കേരളത്തിൽ മാത്രമല്ല അതിർത്തി കടന്നും പ്രേക്ഷക പ്രശംസ നേടുന്നു. തമിഴ്‌നാട്ടിൽ ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമത്തിന് ശേഷം ഒരു മലയാള സിനിമ തിയേറ്ററുകളിലേക്ക് തമിഴ് ഓഡിയൻസിനെ നിറയ്ക്കുന്നത് എട്ടുവർഷങ്ങള്‍ക്ക് ശേഷമാണ്. ചിത്രം വലിയ വിജയമാകുമ്പോൾ ചർച്ചയാകുന്നത് 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഗുണയെക്കുറിച്ച് കൂടിയാണ്.
ചിത്രത്തിലെ 'കണ്മണി അൻപോട്' എന്ന് തുടങ്ങുന്ന ഗാനം സൗഹൃദത്തിന്‍റെ ഭാഷ്യം കൂടി സംസാരിക്കുന്നുവെന്ന് മഞ്ഞുമ്മൽ ബോയ്‌സ് കണ്ടിറങ്ങിയ പ്രേക്ഷകർ അടിവരയിടുന്നു. കഴിഞ്ഞ ദിവസം സാക്ഷാൽ കമൽഹാസൻ മഞ്ഞുമ്മൽ ബോയ്‌സിന്‍റെ സംവിധായകനെയും അണിയറ പ്രവർത്തകരെയും താരങ്ങളെയും നേരിൽ കണ്ടിരുന്നു. ചിത്രത്തെ കുറിച്ച് മനസ് നിറഞ്ഞ് അദ്ദേഹം സിനിമയുടെ അണിയറ പ്രവർത്തകരോട് സംസാരിച്ചു.
ഗുണയുടെ സംവിധായകൻ സന്താന ഭാരതിയും കമലിനൊപ്പം ഉണ്ടായിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിലെ ഒരു രംഗത്തിൽ കാണിക്കുന്നത് പോലെ ആദ്യമായി ഗുണ കേവിൽ എത്തിയപ്പോൾ ലഭിച്ച കുരങ്ങിന്‍റെ തലയോട്ടി താൻ ശേഖരിച്ച് വച്ചിരുന്നതായി കമൽ വെളിപ്പെടുത്തി. കമൽ സംവിധാനം ചെയ്‌ത 'ഹേ റാം' എന്ന ചിത്രത്തിൽ ആ തലയോട്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുണയിലെ ഗാനം തന്നെയാണ് സത്യത്തിൽ മഞ്ഞുമ്മൽ ബോയ്‌സിന് ജീവൻ പകരുന്നത്.
'ഡെവിൾസ് കിച്ചണ്‍' എന്ന് സായിപ്പ് പേരിട്ട് വിളിച്ച പ്രദേശത്തെ ഗുണ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകർ ആദ്യമായി കാണുന്നത്. അഭിമാനകരമായ വസ്‌തുത എന്തെന്നാൽ ഗുണയുടെ ഛായാഗ്രാഹകൻ മലയാളത്തിന്‍റെ സ്വന്തം വേണു ഐ എസ് സിയാണ്. മണിച്ചിത്രത്താഴ്, കരിയിലക്കാറ്റ് പോലെ തുടങ്ങി ജോജു ജോർജ് നായകനായ പുലിമട വരെ നിരവധി ചിത്രങ്ങളിലൂടെ വേണു മലയാളിക്ക് സുപരിചിതനാണ്.
ഗുണയുടെ ചിത്രീകരണത്തെ കുറിച്ച് ഇടിവി ഭാരതിനോട് അദ്ദേഹം പ്രതികരിച്ചു. കമൽഹാസൻ എന്ന സകലകലാ വല്ലഭന്‍റെ പിടിവാശിയുടെ പുറത്താണ് അത് 'ഗുണ കേവ്' ആകുന്നത്. ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലം. നിർമ്മാതാവ് അടക്കം ഇവിടെ ഗുണ ചിത്രീകരിക്കണമോ എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അങ്ങനെയിരിക്കെ ലൊക്കേഷൻ കമൽഹാസന് വല്ലാതെ ഇഷ്‌ടപ്പെടുന്നു. തന്നോട് ചോദിച്ചു ഇവിടെ ഗുണ ചിത്രീകരിക്കുന്നതിന് തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന്. കമൽഹാസനെ പോലെ ഒരാൾ ഇത്തരം ഒരു ചോദ്യം ചോദിക്കുമ്പോൾ എന്തിന് ഭയപ്പെടണം. അതുകൊണ്ട് ഞാന്‍ സമ്മതം മൂളി.
നൂറോ ഇരുന്നൂറോ അടിയല്ല ആയിരത്തോളം അടി താഴ്‌ചയിലാണ് ആ പാറക്കെട്ടുകൾ പന്തലിച്ച് നിൽക്കുന്നത്. ദിവസവും മൂന്നും നാലും മണിക്കൂർ കയറാനും ഇറങ്ങാനും എടുക്കുമായിരുന്നു. മൂന്നോ നാലോ അടി ഉയരത്തിലാണ് കരിയിലകൾ തറയിൽ കൂട്ടമായി കിടക്കുന്നത്. ഇതിനുള്ളിൽ എവിടെയാണ് മഞ്ഞുമ്മൽ ബോയ്‌സിൽ നിങ്ങൾ കണ്ടതുപോലുള്ള കുഴികൾ എന്ന് ഒരിക്കലും കണ്ടെത്താനാകില്ല.
പല കുഴികളും പിൽക്കാലത്താണ് ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് മൂടിയത്. ഗുണയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ഒരു മനുഷ്യക്കുഞ്ഞുപോലും അവിടേക്ക് കയറി പോയിരുന്നില്ല. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കുഴികൾ ആ സമയത്ത് മൂടിയിട്ടുമില്ല. ഓരോ ദിവസവും ചിത്രീകരണം കഴിയുമ്പോൾ പുറത്തെത്തുന്ന അണിയറ പ്രവർത്തകർ തങ്ങളിന്ന് ജീവനോടെയുണ്ട് എന്ന് ആശ്വസിക്കുമായിരുന്നു. കേവിനെ കുറിച്ച് ധാരാളം പറയണമെന്നുണ്ടെങ്കിലും അക്കാര്യങ്ങൾ ഉള്ളിൽ ഭയം ജനിപ്പിക്കുന്നു. വീണ്ടും അത് ഓർക്കാൻ ആഗ്രഹിക്കുന്നില്ല. പറഞ്ഞുതുടങ്ങിയാൽ ഒരു ദിവസം എടുത്താലും തീരാത്ത അത്ര അനുഭവങ്ങളുണ്ടെന്നും വേണു ഐഎസ്‌സി ഇടിവി ഭാരതിനോട് പറഞ്ഞു.