മലയാളത്തിന്റെ അഭിമാന താരങ്ങളായ ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് 'ഉള്ളൊഴുക്ക്'. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്‌ത ഈ ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ 'ഉള്ളൊഴുക്ക്' റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്.
അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി & സയനൈഡ്' എന്ന നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്‌ഗഫിന്‍ പിക്‌ചേഴ്‌സിന്‍റെയും ബാനറുകളിലാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സിനിമയുടെ സംഗീത സംവിധാനം.
അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്‌ണൻ, ജയ കുറുപ്പ് തുടങ്ങിയവരും ഈ ചിത്രത്തില്‍ മറ്റ് ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. റെവറി എന്‍റര്‍ടെയിന്‍മെൻസിന്‍റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് ഉള്ളൊഴുക്കിന്‍റെ സഹനിര്‍മ്മാണം. ഷെഹനാദ് ജലാൽ ഛയാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കിരൺ ദാസാണ്.
നേരത്തെ കൊച്ചി പിവിആറില്‍ വച്ചുനടന്ന 'ഉള്ളൊഴുക്കി'ന്‍റെ സെലിബ്രിറ്റി പ്രിവ്യൂ ഷോ ശ്രദ്ധനേടിയിരുന്നു. പ്രദർശന ശേഷം ചിത്രത്തെ വാനോളം പുകഴ്‌ത്തിയാണ് കാഴ്‌ചക്കാർ മടങ്ങിയത്. "കുട്ടനാടന്‍ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം" എന്നാണ് സംവിധായകന്‍ ബ്ലെസിയുടെ പ്രതികരണം. "അതിഗംഭീരമായ, ഒരു മസ്റ്റ് വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്" എന്നാണ് ഭ്രമയുഗത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ അഭിപ്രായപ്പെട്ടത്.
"വളരെയേറെ ഇഷ്‌ടപ്പെട്ടു. ഉള്ളില്‍ കൊള്ളുന്ന വിധത്തിലുള്ള പ്രകടനങ്ങളായിരുന്നു ചിത്രത്തിലേത്"- നിഖില വിമലിന്‍റെ വാക്കുകളാണിത്. രസമുള്ള ഫാമിലി ഡ്രാമയാണിതെന്നും ഇത്തരത്തിലുള്ള കഥകള്‍ ആലോചിക്കാന്‍ ക്രിസ്റ്റോയ്‌ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും ജോജു ജോർജ് അഭിപ്രായപ്പെട്ടു. പ്രിവ്യൂ കാണാനെത്തിയ മറ്റു താരങ്ങള്‍ക്കും സമാനമായ അഭിപ്രായങ്ങളായിരുന്നു ഉണ്ടായിരുന്നത്.
'ഉള്ളൊഴുക്ക്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്‌സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്‌ടർ: വർഷ വരദരാജൻ, വിഎഫ്എക്‌സ്: ഐഡെന്‍റ് വിഎഫ്എക്‌സ് ലാബ്, വിഎഫ്എക്‌സ് സൂപ്പർവൈസേഴ്‌സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്‌സ് മീഡിയ വര്‍ക്‌സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി.
ALSO READ: വിജയ്‌ക്ക് പിറന്നാൾ മധുരവുമായി 'ഗോട്ട്' ടീം ; തരംഗമായി 'ബർത്ത് ഡേ ഷോട്ട്‌സ്'