മെഗാസ്‌റ്റാർ മമ്മൂട്ടി ടർബോ ജോസ് ആയി എത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' മൂന്നാം വാരത്തിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നു. 200ലധികം തീയേറ്ററുകളിലായാണ് മൂന്നാം വാരത്തിലും ചിത്രം പ്രദർശനം തുടരുന്നത്. റിലീസ് മുതൽ തുടങ്ങിയ കുതിപ്പ് മൂന്ന് ആഴ്‌ചകൾ പിന്നിടുമ്പോഴും അതെ ഊർജത്തിൽ തുടരുകയാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രത്തിന്‍റെ സംവിധായകൻ. മിഥുൻ മാനുവൽ തോമസിന്‍റേതാണ് തിരക്കഥ. ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ.