ടൊവിനോ തോമസിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. ജിതിൻ ലാൽ സംവിധാനം ചെയ്‌ത ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയത്. തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ട്രെയിനിൽ ഇരുന്ന് 'എആർഎം' വ്യാജ പതിപ്പ് കാണുന്ന ഒരു യാത്രക്കാരന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'എആർഎം' സംവിധായകൻ ജിതിൻ ലാൽ ആണ് വീഡിയോ സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. ഒപ്പം ഹൃദയഭേദകമായൊരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.
'എന്‍റെ സുഹൃത്ത് അയച്ചു തന്ന ദൃശ്യമാണിത്. ഈ കാഴ്‌ച എന്‍റെ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്നു. ഇത്തരം വ്യാജ പതിപ്പുകൾ കാണുന്നവർ കാണട്ടെ. അവരോട് ഒന്നും തന്നെ പറയാനില്ല.' -വീഡിയോ പങ്കുവച്ച് ജിതിൻ ലാൽ കുറിച്ചു. ദൃശ്യത്തിൽ നിന്നും ജനശതാബ്‌ദി ട്രെയിനിലെ യാത്രക്കാരനാണ് സിനിമ കാണുന്നതെന്ന് വ്യക്‌തമായിട്ടുണ്ട്.
'ഇത്തരം വ്യാജ പ്രിന്‍റുകൾ കാണുന്ന പ്രേക്ഷകരോട് എന്ത് പറയാനാണ്. വിവേക പരമായി കാര്യങ്ങളെ സമീപിക്കണമെന്നും ഞങ്ങളെ പോലുള്ള വളർന്ന് വരുന്ന കലാകാരന്‍മാരെ സപ്പോർട്ട് ചെയ്യണമെന്നും മലയാള സിനിമയെ സംരക്ഷിക്കണമെന്നും മാത്രമേ പറയാനുള്ളൂ' -വിഷയത്തിൽ ജിതിൻ ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.
വിഷയത്തില്‍ കേരള തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഇടിവി ഭാരതി നോട് പ്രതികരിച്ചു. 'കാഴ്‌ച ഗുണനിലവാരം പോലുമില്ലാത്ത ഇത്തരം പ്രിന്‍റുകൾ എന്ത് അടിസ്ഥാനത്തിലാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത് എന്നത് ഇനിയും വ്യക്‌തമല്ല. ഗുണനിലവാരത്തിന് മുൻഗണന നൽകുന്ന മലയാളികൾ ശബ്‌ദ മേന്‍മയും ദൃശ്യമേന്‍മയും ഒട്ടും ലഭ്യമല്ലാത്ത ഇത്തരം പ്രിന്‍റുകളിലൂടെ ഏതുതരം വിനോദ മാർഗമാണ് തേടുന്നതെന്ന് മനസ്സിലാകുന്നില്ല' - കേരള തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു.
തിയേറ്ററിൽ നിന്ന് സ്ക്രീൻ റെക്കോർഡ് ചെയ്‌ത് തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന കുപ്രസിദ്ധ വെബ്‌സൈറ്റിലൂടെയാണ് 'എആർഎം' വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ടെലിഗ്രാമിലൂടെയും യു ടോറന്‍റ് വഴിയും ലക്ഷക്കണക്കിന് ഡൗൺലോഡുകളാണ് ഇതിനോടകം തന്നെ സംഭവിച്ചിരിക്കുന്നത്.
അതേസമയം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ ചിത്രം മുന്നേറുകയാണ്. 35 കോടിയോളം രൂപയാണ് 'എആര്‍എം' ഇതുവരെ സ്വന്തമാക്കിയത്. 30 കോടി രൂപയാണ് സിനിമയുടെ നിർമ്മാണ ചിലവ്.
'എആര്‍എം' മാത്രമല്ല തമിഴ് ബ്ലാസ്‌റ്റേഴ്‌സ് വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റ് പുതിയ മലയാളം റിലീസുകളായ 'കിഷ്‌കിണ്ഡാ കാണ്ഡം', 'ബാഡ് ബോയിസ്', 'കൊണ്ടൽ' തുടങ്ങി ചിത്രങ്ങളുടെ വ്യാജ പതിപ്പുകളും സൈറ്റില്‍ റിലീസ് ചെയ്‌തിട്ടുണ്ട്. 1000ല്‍ അധികം ഡൗൺലോഡുകളാണ് ഇതിനോടകം തന്നെ ഈ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.