ഓരോ മേഖലയ്‌ക്കും അതിൻ്റേതായ നൈപുണ്യമുള്ള അഭിനേതാക്കൾ ഉണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. തനിക്ക് ബോളിവുഡിലേയ്‌ക്ക് വരാന്‍ താല്‍പ്പര്യം ഇല്ലെന്നും താരം അറിയിച്ചു.
ബോളിവുഡ് സൂപ്പര്‍ താരം ആമിർ ഖാൻ നായകനായ 'ലാൽ സിംഗ് ഛദ്ദ'യില്‍ തനിക്ക് അവസരം ലഭിച്ചിരുന്നതായും, എന്നാൽ താന്‍ ഏറ്റെടുത്ത പ്രോജക്‌ടുകള്‍ കാരണം 2022ല്‍ ഈ ചിത്രം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. പിടിഐയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
'ഒരുപാട് മികച്ച അഭിനേതാക്കളാൽ അനുഗ്രഹീതമാണ് എല്ലാ ഇൻഡസ്ട്രിയും. അതിനാൽ പുറത്ത് നിന്നുള്ള ഒരാളായി വന്ന് അവരുടെ വേഷങ്ങൾ മോഷ്‌ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കഥാപാത്രം മലയാളി ആയിരിക്കുന്നിടത്തോളവും, താന്‍ മുംബൈയിലോ ഹൈദരാബാദിലോ താമസിക്കുന്നിടത്തോളവും, ഏത് ഇൻഡസ്ട്രിയിലും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലീഷ്, സ്‌പാനിഷ്, ജാപ്പനീസ് എന്നിങ്ങനെ എല്ലാ ഭാഷാ ചിത്രങ്ങളും ഞാൻ കാണാറുണ്ട്.' -ടൊവിനോ പറഞ്ഞു.
'അജയന്‍റെ രണ്ടാം മോഷണ'മാണ് ടൊവിനോ തോമസിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യന്‍ റിലീസായി സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
2012ൽ 'പ്രഭുവിൻ്റെ മക്കൾ' എന്ന ചിത്രത്തിലൂടയാണ് സിനിമയിലേയ്‌ക്കുള്ള ടൊവിനോ തോമസിന്‍റെ അരങ്ങേറ്റം. പിന്നീട് 'എന്ന് നിൻ്റെ മൊയ്‌തീൻ', 'ചാർളി', 'ഗപ്പി', 'മിന്നൽ മുരളി', 'അന്വേഷിപ്പിന്‍ കണ്ടെത്തും', 'സെവന്ത് ഡേ' തുടങ്ങീ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായി. ഓരോ സിനിമയും ഹിറ്റെന്നോ ഫ്ലോപ്പെന്നോ വ്യത്യാസമില്ലാതെ എല്ലാം ടൊവിനോയുടെ കെരിയറിലെ വഴിത്തിരിവായി മാറി. ഒപ്പം ഓരോ സിനിമയും അദ്ദേഹത്തിനൊരു പഠന അനുഭവവുമായി.
'ചെറുതും വലുതുമായ റോളുകൾ, കോമഡി, വില്ലൻ വേഷങ്ങൾ എന്നിവയിൽ തുടങ്ങി, പിന്നീട് നായക വേഷങ്ങൾ ചെയ്‌തു. വീണ്ടും സപ്പോര്‍ട്ടിംഗ് റോളുകള്‍. അങ്ങനെ റോളുകള്‍ മാറുന്നത് ഞാന്‍ ഇഷ്‌ടപ്പെടുന്നു. ഒരു നടനാകാൻ ഞാൻ ആഗ്രഹിച്ചു. എൻ്റെ ആദ്യ സിനിമ പൂർത്തിയാക്കിയപ്പോൾ ഞാൻ എൻ്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. അന്ന് മുതൽ ഞാൻ എൻ്റെ സ്വപ്‌നത്തിൽ ജീവിക്കുന്നു. അതിനാൽ, അതിന് ശേഷം ഞാൻ നേടിയതെന്തും, അതൊരു ബോണസായിട്ടാണ് കണക്കാക്കുന്നത്.'-ടൊവിനോ കൂട്ടിച്ചേര്‍ത്തു.