ലോകമാകെ ഭാഷാഭേദമന്യേ ആരാധകരെ സ്വന്തമാക്കിയ ഗാനമായിരുന്നു 'എന്‍ജോയ് എന്‍ജാമി'. കൊച്ചുകുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ പ്രായ വ്യത്യാസമില്ലാതെ ഒരുപോലെ ഈ ഗാനം ഏറ്റെടുത്തു. ഒപ്പം പാട്ടിന്‍റെ ശബ്‌ദമായ ദീയും ഏവരുടെയും ഹൃദയം കീഴടക്കി. പിന്നീട് ഒട്ടനവധി ഗാനങ്ങളിലൂടെ ദീ എന്നറിയപ്പെടുന്ന ദീക്ഷിത വെങ്കടേശൻ ആസ്വാദകരുടെ പ്രശംസയേറ്റുവാങ്ങി. ഇപ്പോഴിതാ മലയാളത്തിലേക്കും ചുവടുവയ്‌പ്പ് നടത്തിയിരിക്കുകയാണ് ദീ (Santhosh Narayanan, Dhee Malayalam debut song).
- " class="align-text-top noRightClick twitterSection" data="">
ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിലൂടെയാണ് ദീ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ദീ ആലപിച്ച ചിത്രത്തിലെ 'വിടുതൽ' ഗാനം പുറത്തുവന്നു. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് ഗാനത്തിന് ഈണം പകർന്നത്. സന്തോഷ് നാരായണന്‍റെയും മലയാള അരങ്ങേറ്റ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' (Viduthal Lyrical Video from Anweshippin Kandethum).
മുഹ്സിൻ പരാരിയുടേതാണ് വരികൾ. ദീയ്‌ക്കൊപ്പം ഓഫ്‌റോയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പോരാട്ടങ്ങളെയും ധീരതയെയും വീര്യമുള്ള മനസുകളേയും പ്രകീർത്തിച്ച് കൊണ്ടുള്ളതാണ് ഈ ലിറിക്കൽ വീഡിയോ. ഏതായാലും ഗാനം ആസ്വാദക ഹൃദയങ്ങളെ ത്രസിപ്പിക്കുകയാണ്.
ടൊവിനോ തോമസ് പൊലീസ് വേഷമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിൽ അവതരിപ്പിക്കുന്നത് (Tovino Thomas starrer Anweshippin Kandethum). ഡാർവിൻ കുര്യാക്കോസാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ഫെബ്രുവരി 9ന് 'അന്വേഷിപ്പിൻ കണ്ടെത്തും' തിയേറ്ററിൽ റിലീസിനെത്തും.
2012ൽ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ സിനിമാ മേഖലയിൽ തുടക്കമിട്ട സന്തോഷ് നാരായണൻ ഇതിനകം 'പിസ', 'സൂധുകാവും', 'ജിഗർതണ്ട', 'ഇരൈവി', 'കബാലി', 'പരിയേറും പെരുമാൾ', 'വട ചെന്നൈ', 'ജിപ്‌സി', 'കർണൻ', 'സർപാട്ട പരമ്പരൈ', 'മഹാൻ', 'ദസര', 'ചിറ്റാ', 'ജിഗർതണ്ട ഡബിൾ എക്‌സ്' തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്. 'എൻജോയ് എൻജാമി' ഗാനത്തിന് ഈണം പകർന്നതും ഇദ്ദേഹം തന്നെയാണ്. ടൊവിനോ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും സന്തോഷ് നാരായണൻ തന്നെയാണ്.
സംഗീതത്തിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സിനിമയിലേതായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ആദ്യത്തെ ഗാനവും പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുന്നുണ്ട്. ഫെബ്രുവരി 9ന് 'അന്വേഷിപ്പിൻ കണ്ടെത്തും' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ സംവിധായകൻ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ജിനു വി എബ്രാഹാമാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയത്. പൃഥ്വിരാജ് സിനിമയായ 'കാപ്പ'യ്‌ക്ക് ശേഷം തിയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണിത്.
സംഭവ ബഹുലമായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി വിശാലമായ ക്യാൻവാസിൽ ഒരുക്കിയ ഈ സിനിമയിൽ വൻ താരനിരയും അണിനിരക്കുന്നു. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവരാണ് ടൊവിനോയ്ക്ക് പുറമെ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്.
'തങ്കം' സിനിമയുടെ കാമറമാനായിരുന്ന ഗൗതം ശങ്കറാണ് ഈ ചിത്രത്തിനായും കാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധറും കല സംവിധാനം ദിലീപ് നാഥും നിർവഹിക്കുന്നു. മേക്കപ്പ് : സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ : സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജു ജെ, പി ആർ ഒ : ശബരി, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്ക് പ്ലാന്‍റ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: 'ഞാനിത് റീസ്റ്റാർട്ട് ചെയ്യാൻ പോവുകയാ'; ഉദ്വേഗഭരിതമായി 'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ