അഭിനയ ജീവിതത്തില്‍ 12 വർഷം പൂർത്തിയാക്കിയതിന്‍റെ സന്തോഷത്തില്‍ നടന്‍ ടൊവിനോ തോമസ്. 12 വര്‍ഷങ്ങള്‍.... 50 സിനിമകള്‍.... സ്വപ്‌നസാക്ഷാത്കാരത്തിന് പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞ് ടൊവിനോ തോമസ്. 'പ്രഭുവിന്‍റെ മക്കൾ' മുതല്‍ 'അജയന്‍റെ രണ്ടാം മോഷണം' വരെയുള്ള തന്‍റെ സിനിമ യാത്രയുടെ വീഡോയുമായി സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു താരം.
ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'അജയന്‍റെ രണ്ടാം മോഷണം'. ചിത്രം തിയേറ്ററുകളിൽ മികച്ച രീതിയില്‍ പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിലാണ് ടൊവിനോയുടെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസം കടന്നുപോകുന്നത്.
സിനിമയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയായിരുന്നു താരം. കരിയറിലെ ഈ നിർണ്ണായക ദിവസത്തിൽ നിങ്ങളില്ലാതെ ഞാനില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും ടൊവിനോ മറന്നില്ല.
"12 വർഷം, 50 സിനിമകൾ... ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രോജക്‌ടുകളുടെയും സിനിമാ നിർമ്മാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങി എല്ലാവര്‍ക്കും നന്ദി. അവസാനമായി എൻ്റെ പ്രേക്ഷകര്‍ക്ക്.. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമാണ്.. നിങ്ങളാണ് എന്‍റെ ലോകം.. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഒരു നടനാകാന്‍ സ്വപ്‌നം കണ്ട് നടന്നവില്‍ നിന്നും ഇന്നത്തെ ഞാന്‍ ഉണ്ടാകില്ലായിരുന്നു.. വരൂ.. നമുക്ക് ഒരുമിച്ച് ഒരുപാട് ഗംഭീര കഥകള്‍ പറയാം."-ഇപ്രകാരമാണ് ടൊവിനോ ഫേസ്‌ബുക്കില്‍ കുറിച്ചത്.
സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'പ്രഭുവിന്‍റെ മക്കൾ' (2012) എന്ന സിനിമയിലൂടെയായിരുന്നു ടൊവിനോ തോമസിന്‍റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 2012 ഒക്ടോബർ 26നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല ചിത്രത്തിൽ ടൊവിനോയ്ക്ക്. ആൾക്കൂട്ടത്തിൽ ഒരാൾ, അങ്ങനെ വിശേഷിപ്പിക്കാം.
തുടർന്ന് സഹ നടനായും വില്ലനായും പ്രത്യക്ഷപ്പെട്ട് ഒടുവിൽ നായകനായി വളരുകയായിരുന്നു ടൊവിനോ. ഐടി മേഖലയിൽ ജോലി ചെയ്‌തിരുന്ന ടൊവിനോ സിനിമ മോഹം കലശലായതോടെ ജോലി ഉപേക്ഷിച്ചു. തുടർന്നുള്ള വർഷങ്ങൾ കഷ്‌ടപ്പാടിന്‍റെയും കഠിനാധ്വാനത്തിന്‍റെയും വിലയറിഞ്ഞ കാലങ്ങളായിരുന്നു.
സിനിമ എന്ന സ്വപ്‌നം അനിശ്ചിതത്വമായി തുടർന്നതോടെ വീട്ടിൽ നിന്നുള്ള പിന്തുണ നഷ്‌ടപ്പെട്ടിരുന്നു. സഹോദരന്‍റെ മാത്രം പിൻബലത്തിലായിരുന്നു ജോലി ഉപേക്ഷിച്ച് സിനിമയിൽ അവസരങ്ങൾക്കായി ശ്രമിച്ചത്. 'കൂതറ' എന്ന സിനിമയില്‍ അഭിനയിക്കുമ്പോൾ ടൊവിനോയുടെ കയ്യിൽ സ്വന്തം ബൈക്കിന് പെട്രോൾ അടിക്കാനുള്ള കാശുപോലും ഉണ്ടായിരുന്നില്ലെന്ന് തമിഴ് നടൻ ഭരത് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം ടൊവിനോ തോമസ് എന്ന വ്യക്‌തിയുടെ സിനിമ എന്ന സ്വപ്‌നം തേടിയുള്ള യാത്രയിൽ എത്രത്തോളം യാതനകൾ അദ്ദേഹം അനുഭവിച്ചിരുന്നു എന്ന്. പലപ്പോഴും തന്‍റെ മാനസിക സംഘർഷങ്ങൾ അക്കാലത്ത് താരം സോഷ്യൽ മീഡിയയില്‍ കുറിച്ചിരുന്നു. പിൽക്കാലത്ത് വലിയ താരമായപ്പോൾ ടൊവിനോയുടെ പഴയ ഫേസ്‌ബുക്ക് പോസ്‌റ്റുകൾ സിനിമ സ്വപ്‌നം കണ്ടിറങ്ങുന്നവന്‍റെ മോട്ടിവേഷണൽ ആന്തമായി മാറി.
ചെറിയ വേഷങ്ങളിലൂടെ സിനിമയിലേയ്‌ക്ക് കടന്നുവന്നെങ്കിലും പ്രതീക്ഷിച്ച പോലുള്ള കഥാപാത്രങ്ങൾ തേടിയെത്താൻ പിന്നെയും വൈകി. അതിനിടയിൽ 'തീവ്രം' എന്ന ചിത്രത്തിൽ സുഹൃത്ത് രൂപേഷ് പീതാംബരനോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചു. തുടർന്ന് രൂപേഷ് പീതാംബരന്‍റെ തന്നെ 'യൂ ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിൽ മുഴുനീള ക്യാരക്‌ടർ റോൾ ചെയ്‌തു.
'കൂതറ' എന്ന സിനിമയിലും അഭിനയിച്ചതോടെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'എബിസിഡി' എന്ന ചിത്രത്തിലെ വില്ലൻ വേഷം ടൊവിനോയെ തേടിയെത്തി. ശേഷമാണ് പൃഥ്വിരാജ് നായകനായ 'സെവന്ത് ഡേ'യിൽ അവസരം ലഭിക്കുന്നത്. ഇതൊരുപക്ഷേ ടൊവിനോ എന്ന നാടന്‍റെ ഗ്രാഫ് മാറുന്നതിന് സഹായകമായി. തുടര്‍ന്ന് പൃഥ്വിരാജിന്‍റെ 'എന്ന് നിന്‍റെ മൊയ്‌തീന്‍' സിനിമയില്‍ നായകനോളം പ്രാധാന്യമുള്ള വേഷം ചെയ്‌തു. പൃഥ്വിരാജാണ് ഈ റോളിലേയ്‌ക്ക് ടൊവിനോയെ നിര്‍ദേശിച്ചത്.
പിന്നീട് ടോവിനോയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തുടര്‍ന്നങ്ങോട്ട് നിരനിരയായി ഹിറ്റ് ചിത്രങ്ങൾ... മലയാള സിനിമയുടെ ഫാഷൻ ഐക്കോൺ... ഉണ്ണി മുകുന്ദൻ ചിത്രം 'സ്‌റ്റൈലി'ലെ വില്ലൻ വേഷം ടൊവിനോയുടെ ഉള്ളിൽ ഒരു ഡെയറിംഗ് സ്‌റ്റാര്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് മലയാളി പ്രേക്ഷകരെ ബോധ്യപ്പെടുത്തി. പിന്നീട് 'ഗോദ', 'മായാനദി' തുടങ്ങി സിനിമകളുടെ ഭാഗമായി. പിന്നീടങ്ങോട്ട് ഏത് സിനിമയാണ് മികച്ചതെന്ന് പറയാൻ സാധിക്കാത്ത വണ്ണം നല്ല ചിത്രങ്ങളുടെ ഒരു ഘോഷയാത്ര.
'കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റർ', 'കള', 'മിന്നൽ മുരളി', 'വാശി', 'ഡിയർ ഫ്രണ്ട്', 2018, തുടങ്ങി മിനിമം ഗ്യാരണ്ടിയുള്ള ചിത്രങ്ങൾ. 2012ല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്‌ത തല്ലുമാലയിലൂടെ നൃത്തവും തനിക്ക് വഴങ്ങുമെന്ന് ടൊവിനോ തെളിയിച്ചു.
താരമായതോടെ പല രീതിയിലുള്ള വിമർശനങ്ങളും ടൊവിനോയെ തേടിയെത്തി. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ താരം പുഞ്ചിരിയോടെയും മികച്ച മറുപടിയോടെയും നേരിട്ടു.