ഹൈദരാബാദ്: തിരുപ്പതിയിൽ തെന്നിന്ത്യൻ താരം ധനുഷിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ ഗതാഗത കുരുക്ക്. ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി തിരുപ്പതിയിലെ അലിബിരിയിൽ എത്തിയപ്പോഴാണ് ഗതാഗതം തടസം നേരിട്ടത്. ചിത്രീകരണത്തിനിടയിൽ താരത്തിനെ കാണാൻ ജനം തടിച്ചുകൂടുകയായിരുന്നു. ഇതാണ് അലിബിരിയിലെ തിരക്കേറിയ പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലും ഗതാഗതം തടസപ്പെടാൻ കാരണമായത് (Traffic Jam In Tirupati Alibiri ).
റോഡിന്‍റെ ഇരുവശങ്ങളിലും രണ്ടുകിലോമീറ്ററോളമാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെട്ടത്. ഇത് കാരണം തിരുപ്പതിയിലേക്കുള്ള ഭക്തരും ബുദ്ധിമുട്ട് നേരിട്ടു. പൊലീസ് സ്ഥലത്ത് എത്തിയാണ് ഗതാഗത പ്രശ്‌നം പരിഹരിച്ചത്. ഇതിനിടെ ചില നാട്ടുകാരും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്‌തു. ധനുഷും നാഗാർജുനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ശേഖർ കമ്മുലയാണ് സംവിധാനം ചെയ്യുന്നത്. തിരുപ്പതിയിലെ അലിപ്പിരിയിൽ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
തിരുപ്പതിയിലെ അലിബിരിയിലെ തിരക്കേറിയ ഈ റോഡിൽ ഷൂട്ടിങ് നടത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ചിത്രീകരണത്തിനായി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അനുമതി നേടിയിട്ടുണ്ടെന്നാണ് സൂചന.
ധനുഷും നാഗാർജുനയും ഒന്നിക്കുന്നു:പ്രശസ്‌ത തമിഴ് താരം ധനുഷും തെലുഗു സൂപ്പർ താരം കിങ് നാഗാർജുനയും ഒന്നിക്കുന്നു (Dhanush Nagarjuna New Movie). ശേഖർ കമ്മുലയുടെ സംവിധാനത്തിലാണ് ധനുഷ്, നാഗാർജുന അക്കിനേനി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഇറക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. പൂജ അടക്കമുള്ള ചടങ്ങുകൾ നടന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്‌കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് #DNS (ധനുഷ്, നാഗാർജുന, ശേഖർ കമ്മുല) എന്നാണ് താൽക്കാലികമായ് പേരിട്ടിരിക്കുന്നത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക.
സുനിൽ നാരംഗ്, പുസ്‌കൂർ രാം മോഹൻ റാവു, ഭരത് നാരംഗ്, ജാൻവി നാരംഗ് തുടങ്ങിയവരുടെ നിറ സാന്നിധ്യത്തിൽ ഗംഭീരമായി ലോഞ്ച് ചെയ്‌ത ചിത്രം ധനുഷിനൊപ്പമുള്ള നിർണായക രംഗങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിച്ചത്.
'ക്യാപ്റ്റൻ മില്ലർ', 'നാ സാമി റേഞ്ച്' എന്നീ ചിത്രങ്ങളിലൂടെ ധനുഷും നാഗാർജുനയും മെഗാ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചതോടെ ഈ ഇതിഹാസ മൾട്ടിസ്റ്റാർ പ്രോജക്റ്റ് വൻ ആവേശത്തോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. ഇരുവരും തകർത്തത് കൊണ്ട് ഇവരെ ഒരുമിച്ച് സ്ക്രീനിൽ കാണാനായ് ഇരുവരുടെയും ആരാധകർ കാത്തിരിക്കുകയാണ്. ജനുവരി 12 നാണ് ക്യാപ്റ്റൻ മില്ലർ പുറത്തിറങ്ങിയത്.
ക്യാപ്റ്റൻ മില്ലറിന്‍റെ ട്രെയിലറും വമ്പൻ ഹിറ്റ് ആയിരുന്നു. നിമിഷ നേരം കൊണ്ട് ട്രെയിലർ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. സിനിമയുടെ ലിറിക്കൽ വീഡിയോയും ഏറെ ജനശ്രദ്ധ നേടി.