തമിഴകത്തിന്റെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയ നടൻ വിജയ്‌യുടെ 50-ാം പിറന്നാളാണിന്ന്. ജന്മദിനത്തോട് അനുബന്ധിച്ച് താരം പ്രധാന വേഷത്തിലെത്തുന്ന വെങ്കട് പ്രഭു ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈ'മിന്‍റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. താരത്തിന് പിറന്നാൾ ആശംസകൾ നേരുന്ന തരത്തിൽ ഒരു മാസ് ഗൺ ഫയർ രംഗം ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
വീഡിയോയിൽ തന്നെ തുരത്തുന്ന വില്ലന്മാരിൽ നിന്നും ഒഴിഞ്ഞുമാറുന്ന നായക കഥാപാത്രത്തെ കാണാം. പ്രത്യാക്രമണത്തിനൊരുങ്ങുന്ന നായകനെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിൽ ഡബിൾ റോളിലാണ് ദളപതി വിജയ്‌യെ അവതരിപ്പിക്കുന്നത്. ഏതായാലും ഗ്ലിംപ്‌സ് വീഡിയോ പുറത്തുവന്നതോടെ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.
വെങ്കട് പ്രഭു ചിത്രങ്ങൾ കാണുന്ന പ്രേക്ഷകർക്കറിയാവുന്ന ഒരു കാര്യമുണ്ട്, 'എ ഫിലിം ബൈ വെങ്കട് പ്രഭു എന്ന് അദ്ദേഹം ഒരിക്കലും സിനിമയിൽ ടൈറ്റിൽ വയ്‌ക്കാറില്ല. വെങ്കട് പ്രഭു ഗെയിം, വെങ്കട് പ്രഭു പൊളിറ്റിക്‌സ്. അങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളിൽ ഡയറക്‌ടർ കാർഡ് തെളിയാറുള്ളത്. ഇത്തവണയും സ്ഥിതി വ്യത്യസ്‌തമല്ല. ദളപതി ചിത്രത്തിൽ എ വെങ്കട് പ്രഭു ഹീറോ എന്നതാണ് ഡയറക്‌ടർ ടൈറ്റിൽ കാർഡ്.
'കേൾക്കാത്തത് കേൾക്കാനും അറിയാത്തത് അറിയാനും ഉള്ള സമയം' എന്നതാണ് ദി ഗോട്ട് സിനിമയെ കുറിച്ചുള്ള ടാഗ്‌ലൈന്‍. അതേസമയം വിദേശത്ത് നടക്കുന്ന വൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാകും എന്ന സൂചനയും ഗോട്ട് ബർത്ത് ഡേ ഷോട്ട് എന്ന പേരിൽ റിലീസ് ചെയ്‌ത വീഡിയോയിൽ നിന്നും വ്യക്തമാണ്. രാഷ്‌ട്രീയ പ്രവേശനത്തിന്‍റെ ഭാഗമായി സിനിമാഭിനയം നിർത്തുകയാണെന്ന് വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ താരത്തിന്‍റെ കരിയറിലെ അവസാന ചിത്രമാകും 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്നതും സിനിമയുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.
ഈ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങൾ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. കേരളത്തിലെത്തിയ താരത്തിന് വലിയ വരവേൽപ്പാണ് ആരാധകർ ഒരുക്കിയത്. യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം. എജിഎസ് എന്‍റർടെയിൻമെന്‍റ് ആണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. പ്രൊഡക്ഷൻ കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ബർത്ത് ഡേ സ്‌പെഷ്യൽ വിഷ് വീഡിയോ റിലീസ് ചെയ്‌തത്. സെപ്‌റ്റംബർ 5ന് ലോക വ്യാപകമായി 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' റിലീസ് ചെയ്യും.
അതേസമയം ഇത്തവണ പിറന്നാള്‍ ആഘോഷങ്ങൾ വേണ്ടെന്നുവച്ചിരിക്കുകയാണ് വിജയ്. കല്ലക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതിനെ തുടർന്നാണ് പിറന്നാൾ ആഘോഷങ്ങള്‍ താരം ഒഴിവാക്കിയത്.
ALSO READ: സായ് ദുർഘ തേജ് നായകനായി പിരിയോഡിക് ആക്ഷൻ ചിത്രം വരുന്നു; ആകാംക്ഷയിൽ ആരാധകർ