ദളപതി വിജയ് നായകനാകുന്ന വെങ്കട്ട് പ്രഭു ചിത്രം 'ഗോട്ട്' ഓഗസ്റ്റ് 23 റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഏപ്രിലോടെ ചിത്രത്തിന്‍റെ തിരുവനന്തപുരത്തെ ഷൂട്ടിങ് അവസാനിക്കുമെന്നും തുടര്‍ന്ന് യുഎസ്-റഷ്യ എന്നിവിടങ്ങളിലായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചന. അതേസമയം, ചിത്രത്തിന്‍റെ റിലീസ് തീയതിയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഓദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.
'ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം' എന്നറിയപ്പെടുന്ന 'ഗോട്ട്' ചിത്രത്തിന്‍റെ ഷൂട്ടിങ് ഏകദേശം പൂർത്തിയായതായാണ് വിവരം. മെയ് മാസത്തോടെ ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടേക്കും. ഇതോടൊപ്പം ചിത്രത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു വിവരവും അണിയറക്കാര്‍ പുറത്തുവിടുമെന്ന് വെങ്കട്ട് പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു.
വരാനിരിക്കുന്ന ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സയൻസ് ഫിക്ഷൻ ജോണറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മീനാക്ഷി ചൗധരി, ലൈല, വൈഭവ്, മോഹൻ, ജയറാം എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തില്‍ യുവൻ ശങ്കർ രാജ സംഗീതവും സിദ്ധാർഥ നുനി ഛായാഗ്രഹണവും വെങ്കട്ട് രാജൻ എഡിറ്റിങ്ങും നിർവ്വഹിക്കും. എജിഎസ് എന്‍റര്‍ടൈൻമെന്‍റിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതോടെ വിജയിക്കും തമിഴ് നടൻ അജിത് കുമാറിനുമൊപ്പം സിനിമ സംവിധാനം ചെയ്‌തവരുടെ പട്ടികയിലേക്ക് വെങ്കട്ട് പ്രഭുവും സ്ഥാനം പിടിക്കും. എസ് ജെ സൂര്യ, എ ആർ മുരുകദോസ്, വസന്ത് സായ്, വിക്രമൻ, എഴിൽ, പേരരശു, കെ എസ് രവികുമാർ, എ എൽ വിജയ് എന്നിവരാണ് രണ്ട് തമിഴ് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള മറ്റ് ചില സംവിധായകന്മാര്‍.