തിരുവനന്തപുരം : ആരാധകരില്‍ ആവേശം നിറച്ച് ദളപതി വിജയ് തിരുവനന്തപുരത്ത്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗോട്ടിന്‍റെ (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചിത്രീകരണത്തിനായാണ് താരം തിരുവനന്തപുരത്ത് എത്തിയത്. വൈകിട്ട് 5 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ ആര്‍പ്പുവിളികളുമായാണ് നൂറോളം വരുന്ന ആരാധകര്‍ വരവേറ്റത്.
താരം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആരാധകര്‍ വിമാനത്താവളത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. 18 ദിവസത്തെ ചിത്രീകരണത്തിനായാണ് താരം തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളവും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമാണ് ചിത്രത്തിന്‍റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.
ഒരാഴ്‌ച മുന്‍പ് തന്നെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ചിത്രീകരണത്തിനായുള്ള സെറ്റിന്‍റെ പണികള്‍ ആരംഭിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി പ്രഭു ദേവ നേരത്തെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിജയ്ക്ക് മൂന്ന് ദിവസത്തെ ഷൂട്ടിംഗുള്ളതായാണ് വിവരം. താരം ആരാധകരുമായി സംവദിക്കാന്‍ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഗോട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും വിജയ് തന്‍റെ അവസാന സിനിമയുടെ ലൊക്കേഷനിലെത്തുക. രാഷ്ട്രീയ പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ 2025 ഓടെ സിനിമയിലെ തന്‍റെ സാന്നിധ്യം അവസാനിപ്പിക്കുമെന്ന് വിജയ് വാര്‍ത്താക്കുറിപ്പിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.