ധർമ്മശാല: പ്രശസ്‌ത മലയാളി മ്യൂസിക് ബാന്‍ഡായ 'തൈക്കുടം ബ്രിഡ്‌ജ്' ബാന്‍ഡിലെ കലാകാരന് ഹിമാചല്‍ പ്രദേശിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇലക്‌ട്രിക് ഷോക്കേറ്റ് പരിക്ക്. ബാന്‍ഡിലെ ബേസ് ഗിറ്റാറിസ്‌റ്റായ വിയാന്‍ ഫെർണാണ്ടസിനാണ് പരിക്കേറ്റത്. ഹിമാചലിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച കാന്‍ഗ്ര വാലി കാര്‍ണിവലില്‍ തൈക്കുടം ബാന്‍ഡിന്‍റെ പരിപാടി നടക്കുന്നതിന് തൊട്ടുമുന്‍പാണ് വിയാന് ഷോക്കേറ്റത്. അപകടം മൂലം ബാന്‍ഡിന് കാര്‍ണിവലില്‍ പരിപാടി അവതരിപ്പിക്കാനായില്ല.
പരിപാടിക്ക് മുന്നോടിയായി റിഹേഴ്‌സല്‍ നടക്കവേ വിയാന് മൈക്കില്‍ നിന്ന് ശക്‌തമായ ഷോക്കേല്‍ക്കുകയായിരുന്നു എന്ന് ബാന്‍ഡ് മാനേജര്‍ സുജിത്ത് ഉണ്ണിത്താന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഷോക്കേറ്റ വിയാന്‍ സംഭവസ്ഥലത്തുവച്ചുതന്നെ ബോധരഹിതനായി . തുടര്‍ന്ന് കസേരയുടെയും മറ്റും സഹായത്തോടെയാണ് മൈക്കുമായുള്ള ബന്ധം വിടുവിക്കാനായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അബോധാവസ്ഥയിലായ വിയാനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചികിത്സയ്‌ക്കുശേഷം വിയാന്‍ ആരോഗ്യം വീണ്ടെടുത്തതായും ആശുപത്രി വിട്ടതായും സുജിത്ത് ഉണ്ണിത്താന്‍ പറഞ്ഞു. മറ്റിടങ്ങളിൽ പരിപാടികൾ ഉള്ളതിനാല്‍ ഇന്നു തന്നെ തങ്ങൾ കേരളത്തിലേക്ക് മടങ്ങുമെന്നും സുജിത്ത് കൂട്ടിച്ചേർത്തു.
വിയാന് ഷോക്കേല്‍ക്കുന്നതിന് തൊട്ടു മുന്‍പ് ബാന്‍ഡിലെ കീബോർഡിസ്‌റ്റിനും ഷോക്കേറ്റിരുന്നു. ഷോക്കിന് കാരണമായ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം റിഹേഴ്‌സല്‍ പുനരാരംഭിച്ചപ്പോളാണ് വിയാന്‍ ഫെര്‍ണാണ്ടസിനും ഷോക്കേറ്റത്.
സംഭവം നടന്നയുടന്‍ സദർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നാരായണ് സിങ്ങും എഡിസി സൗരഭ് ജസ്സലും സ്ഥലത്തെത്തി. സ്റ്റേജ് ഓപ്പറേറ്ററോട് വിവരങ്ങൾ ആരാഞ്ഞ പൊലീസ് ഉപകരണങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദ്ദേശം നൽകി.
കാര്‍ണിവലിലെ മുഖ്യ ആകർഷണമായാണ് തൈക്കുടം ബാന്‍ഡിന്‍റെ ഷോ ക്രമീകരിച്ചിരുന്നത്. അതിനാല്‍ നൂറുകണക്കിനു പേരാണ് പരിപാടി കാണാനെത്തിയിരുന്നത്. പരിപാടി നടക്കാഞ്ഞതിനാല്‍ നിരാശരായാണ് കാണികൾ മടങ്ങിയത്.