മലയാളത്തിലെ ഇന്നോളമുള്ള കളക്ഷൻ റെക്കോർഡുകളെ ഭേദിച്ച ചിത്രമായിരുന്നു 'മഞ്ഞുമ്മല്‍ ബോയ്‌സ്'. 18 കൊല്ലം മുന്‍പ് നടന്ന യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ചിദംബരം സംവിധാനം ചെയ്‌ത ഈ ചിത്രം ആഗോളതലത്തിൽ 240 കോടിയിലേറെ തുകയാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.
എറണകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ സംഘത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഗുണ കേവിലെത്തിയ ഈ സംഘത്തിലെ ഒരാള്‍ ഗുഹയില്‍ വീണുപോകുന്നതും അയാളെ രക്ഷിച്ച സുഹൃത്തുക്കളുടെ പരിശ്രമവുമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ തങ്ങളുടെ സുഹൃത്ത് കുഴിയില്‍ വീണ കാര്യം പൊലീസിനെ അറിയിക്കാന്‍ പോയ മറ്റുള്ളവരെ പൊലീസ് തല്ലുന്നതായി കാണിക്കുന്നുണ്ട്.
ഇത് ശരിക്കും സംഭവിച്ചതാണെന്ന് യഥാര്‍ഥ മഞ്ഞുമ്മല്‍ സംഘം വിവിധ അഭിമുഖങ്ങളില്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇപ്പോഴിത തമിഴ്‌നാട് പൊലീസ് 18 കൊല്ലത്തിന് ശേഷം ഈ സംഭവത്തിൽ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. മലയാളി ആക്‌ടിവിസ്റ്റ് വി ഷാജു എബ്രഹാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ആഭ്യന്തര വകുപ്പ് അന്വേഷണത്തിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. യഥാർഥ മഞ്ഞുമ്മല്‍ സംഘം നേരിട്ട പീഡനത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ് സിനിമയില്‍ കാണിച്ചത് എന്നാണ് പരാതിക്കാരനായ വി ഷാജു എബ്രഹാം പറയുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിൽ എന്നപോലെ തമിഴ്‌നാട്ടിലും 'മഞ്ഞുമ്മൽ ബോയ്‌സ്' വലിയ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് 2006 ല്‍ നടന്ന സംഭവം വീണ്ടും ജനശ്രദ്ധയിലേക്ക് വന്നത്. ഈ വർഷം ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്‌സ് ബിഗ് സ്‌ക്രീനിൽ എത്തിയത്. അടുത്തിടെ ചിത്രം ഒടിടിയിലും എത്തി.
പറവ ഫിലിംസിന്‍റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ എന്നിവർ ചേർന്ന് നിർമിച്ച 'മഞ്ഞുമ്മൽ ബോയ്‌സി'ൽ മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, അരുൺ കുര്യൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, സംവിധായകൻ ഖാലിദ് റഹ്‌മാൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ALSO READ: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കളുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു