തമന്നയും വിജയ് വര്‍മ്മയും തമ്മിലുള്ള വിവാഹ വാര്‍ത്തയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 'ലസ്‌റ്റ് സ്‌റ്റോറീസ് 2' എന്ന ആന്തോളജി സിരീസിന് ശേഷമാണ് ഇരുവരും പരസ്‌പരം അടുക്കുന്നതും പ്രണയത്തിലാകുന്നതും. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെങ്കിലും തങ്ങളുടെ പ്രണയത്തെ കുറിച്ച് അടുത്തിടെയാണ് വിജയ് വര്‍മ്മ മൗനം വെടിഞ്ഞത്.
സെലിബ്രിറ്റികള്‍ പലരും തങ്ങളുടെ ബന്ധം മറച്ചുവെക്കാൻ ഇഷ്‌ടപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് വിജയും തമന്നയും തങ്ങളുടെ പ്രണയം പരസ്യമാകാൻ തീരുമാനിച്ചത്? അടുത്തിടെ ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്നയോടുള്ള തന്‍റെ പ്രണയത്തെ കുറിച്ച് വിജയ് വര്‍മ്മ ആദ്യമായി വെളിപ്പെടുത്തുന്നത്.
തമന്നയെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള വിജയ് വര്‍മ്മയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്‍റെ വികാരങ്ങളെ കൂട്ടിലടയ്‌ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രണയത്തെ കുറിച്ച് വിജയ് വര്‍മ്മ പറഞ്ഞത്.
"ഞങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പരസ്‌പരം ഇഷ്‌ടപ്പെടുന്നുണ്ടെങ്കിൽ, അത് മറച്ചുവെക്കേണ്ട ആവശ്യമില്ല. ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്‌ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തു പോകാന്‍ കഴിയില്ല.
കൂട്ടുകാര്‍ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഞങ്ങള്‍ക്ക് ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പ്പര്യം ഇല്ല. എന്‍റെ വികാരങ്ങൾ കൂട്ടിലടയ്‌ക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല."-വിജയ് വര്‍മ്മ പറഞ്ഞു.
അതേസമയം തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പരസ്യമാക്കുന്നില്ലെന്നും വിജയ് വര്‍മ്മ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. "ഞങ്ങൾ രണ്ടു പേരുടെയും 5000ലധികം ഫോട്ടോകൾ എന്‍റെ പക്കലുണ്ട്. പക്ഷേ അത് സോഷ്യൽ മീഡിയയിൽ ഒരിടത്തും ഇല്ല. കാരണം അത് ഞങ്ങൾ രണ്ട് പേർക്കും വേണ്ടി ഉള്ളതാണ്."-വിജയ് വര്‍മ്മ പറഞ്ഞു.
സമൂഹത്തിന് മറ്റുള്ളവരുടെ ജീവിതം എങ്ങനെയാണെന്ന് അറിയുന്നതിലാണ് ശ്രദ്ധ എന്നും വിജയ് വര്‍മ്മ പറഞ്ഞിരുന്നു. "ഞങ്ങളുടെ ബന്ധം ചര്‍ച്ച ചെയ്യാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു 'പരദൂഷണ അമ്മായി' ഉണ്ട്. ഇതിനെ ചികിത്സിച്ചാലും മാറ്റാന്‍ കഴിയാത്തൊരു രോഗത്തോട് താരം ഉപമിച്ചു.
അവര്‍ക്ക് എല്ലാവരുടെ ബന്ധങ്ങള്‍ കണ്ടുപിടിക്കലും പ്രചരിപ്പിക്കലുമാണ് പണി. നമുക്കൊന്നും ചെയ്യാനാകില്ല. ജോലിയാണ് ഏറ്റവും പ്രധാനം. എന്‍റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു. അതിന് അഭിനന്ദനം ലഭിക്കുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചര്‍ച്ചകളല്ല."-വിജയ് വര്‍മ്മ പറഞ്ഞു.