മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് 'ഭ്രമയുഗം'. രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ഈ ചിത്രം തിയേറ്ററുകളിൽ മികച്ച കലക്ഷൻ നേടി മുന്നേറുകയാണ്. നിരവധി പേരാണ് 'ഭ്രമയുഗ'ത്തെയും മമ്മൂട്ടി ഉൾപ്പടെയുള്ള അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്. അക്കൂട്ടത്തിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും 'ഭ്രമയുഗ'ത്തിലെ അഭിനയം കൊണ്ടും മറ്റുപല കാരണങ്ങൾകൊണ്ടും സിനിമാലോകത്തെ തന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. 'ഭ്രമയുഗം' ഒരു ക്ലാസിക് സിനിമയാണെന്നും ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥയാണ് അത് പറയുന്നതെന്നും അദ്ദേഹം കുറിച്ചു.
സന്ദീപാനന്ദഗിരിയുടെ ഫേസ്‌ബുക്ക് കുറിപ്പ്: 'ഭാരതീയ ധർമ്മ ശാസ്‌ത്രങ്ങളിൽ നാലുയുഗങ്ങളെക്കുറിച്ച് പറയുന്നു! ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം, രണ്ടാമത്തേത്ത് ത്രേതായുഗം, മൂന്നാമത്തേത് ദ്വാപരയുഗം, നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ.
പുരാണങ്ങളിൽ ധർമത്തിന്‍റേയും അധർമത്തിന്‍റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലുയുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു. അതുപോലെ മനുഷ്യനിലെ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.
#ഭ്രമയുഗം ഒരു ക്ലാസിക് സിനിമയാണ്, ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ…... ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി, പച്ച മഞ്ഞ ചുവപ്പ്, അന്ധർ ബധിരർ മൂകർ, മാമ ആഫ്രിക്ക എന്നീ ക്ളാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി. രാമകൃഷ്‌ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!. മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ!.
ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മൂട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. ഓസ്‌കറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല. അർജുൻ അശോകൻ, സിദ്ധാർഥ്, അമാൽഡ ലിസ്, എല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു. സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു. ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!'.
ALSO READ: ബോക്‌സോഫീസില്‍ നിറഞ്ഞാടി 'ഭ്രമയുഗം'; മമ്മൂട്ടി ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്
ആദ്യ ദിനത്തില്‍ 3.10 കോടി രൂപയാണ് 'ഭ്രമയുഗം' തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം നിർമിച്ചത് വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയ അർജുൻ അശോകൻ, സിദ്ധാർഥ്, അമാൽഡ ലിസ് എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.