ഒരു ഇടവേളയ്ക്കു ശേഷം പരസ്‌പരം നേരിൽ കണ്ട് നടൻ റഹ്മാനും ശ്രീനിവാസനും. ഒമർ ലുലു സംവിധാനം ചെയ്‌ത 'ബാഡ് ബോയ്‌സ്' എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനുശേഷം എറണാകുളം വനിത വിനീത തിയേറ്റർ പരിസരമാണ് അപൂർവ സംഗമത്തിന് വേദിയായത്. റഹ്മാനും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഓണം റിലീസ് ചിത്രമായ 'ബാഡ് ബോയ്‌സ്' തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നത്.
ഇന്നലെ (സെപ്‌റ്റംബർ 14) വൈകുന്നേരം സംഘടിപ്പിച്ച സെലിബ്രിറ്റി ഷോ കാണാൻ എത്തിയതായിരുന്നു ശ്രീനിവാസനും ഭാര്യയും. ധ്യാനിൻ്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ശ്രീനിവാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപരമായ പ്രശ്‌നങ്ങളാൽ ശ്രീനിവാസൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് കുറവായിരുന്നു.
'വർഷങ്ങൾക്കുശേഷം' എന്ന വിനീത് ശ്രീനിവാസൻ്റെ ചിത്രം കാണാൻ ഇതിനു മുൻപ് ശ്രീനിവാസൻ എത്തിയിരുന്നു. റഹ്മാനെ കണ്ട മാത്രയിൽ തന്നെ കെട്ടിപ്പിടിക്കുകയും പരസ്‌പരം സംസാരിക്കുകയും ചെയ്‌തു. റഹ്മാൻ, ശ്രീനിവാസൻ്റെ ചെവിയിൽ രഹസ്യമായി ചിലത് പറയുന്നത് കാണാമായിരുന്നു. സിനിമയേയും റഹ്മാൻ്റെ അടക്കമുള്ള താരങ്ങളുടെ പ്രകടനത്തെയും ശ്രീനിവാസൻ മാധ്യമങ്ങൾക്ക് മുന്നിൽ അഭിനന്ദിച്ചു.
Also Read: അജു വർഗീസും ജോണി ആൻ്റണിയും ഒന്നിക്കുന്ന 'സ്വർഗം'; സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്