സിനിമ ചിത്രീകരണത്തിനിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ തലയ്‌ക്ക് പരിക്കേറ്റു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ 'സൂര്യ 44' എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. ഊട്ടിയില്‍ നടന്ന ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു നടന് പരിക്കേറ്റത്.
അതേസമയം, സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍റെ പരിക്ക് ഗൗരവമുള്ളതല്ലെന്ന് സിനിമയുടെ നിര്‍മ്മാതാവ് രാജശേഖര്‍ പാണ്ഡ്യനും എക്‌സില്‍ കുറിച്ചു. 'പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്കാണ്. ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ സ്‌നേഹത്തോടും പ്രാര്‍ഥനകളോടും കൂടി സൂര്യ അണ്ണന്‍ സുഖമായിരിക്കുന്നു'- ഇപ്രകാരമാണ് രാജശേഖര്‍ എക്‌സില്‍ കുറിച്ചത്.
പരിക്കേറ്റതിനെ തുടര്‍ന്ന് നടനെ ഊട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നേടിയിരുന്നു. ചികിത്സയ്‌ക്ക് ശേഷം കുറച്ചു ദിവസത്തെ വിശ്രമത്തിന് ആരോഗ്യ വിദഗ്‌ധര്‍ താരത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടന് പരിക്കേറ്റ സാഹചര്യത്തില്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സൂര്യ 44 ൻ്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യം ഊട്ടിയിൽ ആരംഭിച്ചിരുന്നു. അടുത്തിടെ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
അതേസമയം, സൂര്യയുടെ മറ്റൊരു പുതിയ റിലീസാണ് പാൻ-ഇന്ത്യന്‍ ചിത്രമായ 'കങ്കുവ'. ശിവ സംവിധാനം ചെയ്‌ത ചിത്രം 300 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ബോബി ഡിയോളും 'കങ്കുവ'യില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ബോബി ഡിയോളിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് 'കങ്കുവ'. കൂടാതെ ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, കോവൈ സരള, ആനന്ദരാജ്, മാരിമുത്തു, ദീപ വെങ്കട്ട്, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്ലി, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read: ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ