വാഹനാപകടത്തില്‍ മരിച്ച ജെന്‍സന് അനുശോചന കുറിപ്പുമായി താരങ്ങള്‍. മമ്മൂട്ടി, ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ ജെന്‍സന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂടും നടി കൃഷ്‌ണ പ്രഭയും ജെന്‍സന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിക്കുകയാണ്. ഫേസ്‌ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.
ജെന്‍സന്‍റെ വിയോഗം തീരാ നോവായി അവശേഷിക്കുന്നുവെന്നും എത്രയും വേഗം ശ്രുതിയ്‌ക്ക് അതിജീവിക്കാന്‍ കഴിയട്ടെ എന്നും സുരാജ് വെഞ്ഞാറമൂട്. 'മാതാപിതാക്കളെയും അനിയത്തിയെയും വീടും സമ്പാദ്യവും എല്ലാം ഉരുൾ കവർന്നെടുത്തപ്പോഴും ശ്രുതിയുടെ കൈ പിടിച്ച് അവളെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയ ജെൻസൻ അഭിമാനമായിരുന്നു...
പ്രതീക്ഷ ആയിരുന്നു.... ജെൻസന്‍റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു... ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും... എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ...' -ഇപ്രകാരമായിരുന്നു സുരാജ് വെഞ്ഞാറമൂട് കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥനയുമായാണ് കൃഷ്‌ണ പ്രഭ ജെന്‍സന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചത്. സർക്കാർ തലത്തിൽ ഏതെങ്കിലും സ്ഥാപനങ്ങളിൽ ശ്രുതിയ്‌ക്ക് ജോലി നൽകണമെന്നാണ് കൃഷ്‌ണ പ്രഭയുടെ അഭ്യര്‍ത്ഥന. നഷ്‌ടങ്ങൾക്ക് ഇത് പകരമാവില്ലെങ്കിലും ശ്രുതിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അത് സഹായമാകുമെന്നാണ് കൃഷ്‌ണ പ്രഭ പറയുന്നത്.
'ഏറെ വേദനയോടെയാണ് ഈ വാർത്ത കേട്ടത്! വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്‍റെ ഉറ്റവരെ എല്ലാം നഷ്‌ടമായ ശ്രുതി എന്ന പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനായ ജെൻസനെയും നഷ്‌ടമായിരിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ അതിയായ ദുഃഖം തോന്നി. ആ പെൺകുട്ടിക്ക് അത് താങ്ങാനുള്ള കരുത്തുണ്ടാകണേ.. അവൾക്ക് ഉണ്ടായ നഷ്‌ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല.. ഈ നാടും നമ്മളും അവൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് ഉറപ്പാണ്! ശ്രുതിയുടെയും ജെൻസന്‍റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.. എല്ലാം അതിജീവിക്കാൻ ശ്രുതിക്കാവട്ടെ..
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോട് ഒരു അഭ്യർത്ഥനയുണ്ട്.. ഒരുപാട് നഷ്‌ടങ്ങൾ ജീവിതത്തിൽ സംഭവിച്ച ആ പെൺകുട്ടിക്ക് സർക്കാർ തലത്തിൽ തന്നെ ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി നൽകിയാൽ അത് വലിയ ഒരു സഹായമാകും.. നഷ്‌ടങ്ങൾക്ക് പകരമാവില്ലെങ്കിലും അവൾക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് അത് സഹായമാകുമെന്ന് തോന്നുന്നു.' -ഇപ്രകാരമാണ് കൃഷ്‌ണ പ്രഭ ഫേസ്‌ബുക്കില്‍ കുറിച്ചത്.
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമെന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. 'ജെന്‍സന്‍റെ വിയോഗം വലിയ ദു:ഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറമാണ്... സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും. ' -ഇപ്രകാരമാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. 'കാലത്തിന്‍റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ' -എന്നായിരുന്നു ഫഹദിന്‍റെ പ്രതികരണം.