സിനിമാസ്വാദകർ കാലങ്ങളായി കാത്തിരിക്കുന്ന ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ പൃഥ്വിരാജിന് ആശംസകൾ നേരുകയാണ് ഭാര്യ സുപ്രിയ മേനോൻ. 'ആടുജീവിത'ത്തിന് വേണ്ടി പൃഥ്വിരാജ് കടന്നുപോയ യാത്രകളെ കുറിച്ചും പ്രയത്നത്തെ കുറിച്ചും സുപ്രിയ പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയ പൃഥ്വിയ്‌ക്ക് ആശംസസകളും ഒപ്പം ആടുജീവിതം ഷൂട്ടിങ്ങിനിടയിലെ അനുഭവങ്ങളും കുറിച്ചത്.
ആടുജീവിതം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം സുപ്രിയ പങ്കുവച്ചിട്ടുണ്ട്. കലയ്‌ക്കും തനിക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി പൃഥ്വിരാജ് എന്ന നടൻ തെരഞ്ഞെടുത്ത യാത്രയാണിതെന്നും ഒരു മനുഷ്യന്‍റെ ജീവിതം സ്‌ക്രീനിലേക്ക് പകർത്താൻ ബ്ലെസിക്കും മറ്റെല്ലാവർക്കും ഒപ്പം മനസും ശരീരവും അർപ്പിച്ച് അദ്ദേഹം നിലകൊണ്ടുവെന്നും സുപ്രിയ ചൂണ്ടിക്കാട്ടി.
'നാളെ പര്യവസാനിക്കുന്ന 16 വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? 2006 നവംബർ മുതൽ പൃഥ്വിയെ എനിക്ക് അറിയാം, 2011ൽ ആയിരുന്നു വിവാഹം. നിരവധി സിനിമകളിലൂടെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും ഇതുപോലെ ഒന്നുണ്ടായിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ ഞാൻ പൃഥ്വിയെ കണ്ടു, നിങ്ങൾ നിരന്തരം വിശന്നിരുന്നു, ഭാരം കുറയുന്നത് നിരീക്ഷിച്ചു വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു നിങ്ങൾ.
കൊവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ, മരുഭൂമിയിലെ ക്യാമ്പിലായിരുന്നു നിങ്ങൾ. ഇന്‍റർനെറ്റിലൂടെ വിലയേറിയ നിമിഷങ്ങൾക്കിടയിൽ ഞങ്ങൾ പരസ്‌പരം സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ അവസരങ്ങൾ നഷ്‌ടമായി. കലയ്‌ക്കും നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തെരഞ്ഞെടുത്ത യാത്രയാണിത്.
ഒരു മനുഷ്യന്‍റെ ജീവിതം സ്‌ക്രീനിലേക്ക് പകർത്താൻ ബ്ലെസിക്കും മറ്റെല്ലാവർക്കും ഒപ്പം മനസും ശരീരവും ചൈതന്യവും അർപ്പിച്ച് നിങ്ങൾ നിലകൊണ്ടു. നിങ്ങളുടെ എല്ലാ ശ്രമങ്ങളും മാർച്ച് 28ന് ഫലപ്രാപ്‌തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിക്കുന്ന സമർപ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്‌ടി കാണുന്ന എല്ലാവരിൽ നിന്നുള്ള ആശംസകളും സ്‌നേഹവും ഞാൻ നേരുന്നു. എന്‍റെ കണ്ണിൽ നിങ്ങൾ എപ്പോഴും G.O.A.T ആണ്!'- സുപ്രിയ മേനോൻ കുറിച്ചു.
ബെന്യാമിൻ രചിച്ച, മലയാളത്തിലെ എക്കാലത്തെയും ബെസ്‌റ്റ് സെല്ലറുകളിൽ ഒന്നായ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഈ സിനിമ ഒരുക്കിയത്. ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി മാറുന്നതിന് താരം നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും അതിശയിപ്പിച്ചിരുന്നു.