ബലാത്സംഗ കേസില്‍ പ്രതിയായി ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന് ഇന്ന് നിർണായകം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ ഇന്ന് പരിഗണിക്കും. സിദ്ദിഖിന്‍റെ ഹർജി ഉച്ചയോടെ പരിഗണിക്കാനാണ് സാധ്യത. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് ഹാജരാകുക. അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരാകും.
മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായാൽ, അന്വേഷണ സംഘത്തിന് മുമ്പിൽ കീഴടങ്ങുക അല്ലാതെ സിദ്ദിഖിന് മറ്റു വഴിയില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു സിദ്ദിഖ് ഒളിവിൽ പോയതും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ഐശ്വര്യ ഭാട്ടിയെ സന്ദർശിച്ച് സിദ്ദിഖിന്‍റെ കേസുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിന്‍റെ മകന്‍ ഷഹീനെയും സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ഉപ്പ എവിടെയെന്ന് പറഞ്ഞില്ലെങ്കില്‍ സുഹൃത്തുക്കളെ അറസറ്റ് ചെയ്യുമെന്ന് അന്വേഷ സംഘം ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സിദ്ദിഖിന്‍റെ മകൻ ഷഹീനും രംഗത്തെത്തിയിരുന്നു.
പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിഞ്ഞ് സുപ്രീം കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയെടുക്കുകയായിരുന്നു സിദ്ദിഖിന്‍റെ ലക്ഷ്യം. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാല അന്വേഷണ സംഘം അറസ്‌റ്റിന് നീക്കം തുടങ്ങിയെങ്കിലും, ഇതിന് മുമ്പ് തന്നെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. സിദ്ദിഖിനെതിരെ അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ ഇറക്കി വിമാനത്താവളങ്ങൾക്ക് കൈമാറിയിരുന്നു.
പ്രതി വിദേശത്ത് കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. ആലുവയിലെ വീട്ടിൽ നിന്നും കുട്ടമശ്ശേരിയിൽ നിന്നും മുങ്ങിയ സിദ്ദിഖിന്‍റെ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്. സിദ്ദീഖിനെ അറസ്‌റ്റ് ചെയ്യാതെ അന്വേഷണ സംഘം ഒളിച്ചു കളിക്കുകയാണെന്ന വിമർശനവും ശക്‌തമാണ്.
തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി.
ഇതേ തുടർന്നാണ് സിദ്ദിഖിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ആരോപണങ്ങൾക്ക് ശക്തി പകരുന്ന ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു നടി പീഡന പരാതിയുമായി രംഗത്തെത്തിയത്.
Also Read: സിദ്ദിഖിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് - Siddique s look out notice