ബേസിൽ ജോസഫ്, നസ്രിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂക്ഷ്‌മദർശിനി'. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പേരിൽ കൗതുകവും ആകാംക്ഷയും ഒളിപ്പിച്ചിരിക്കുന്ന സൂക്ഷ്‌മദർശിനി നവംബർ 22നാണ് തിയേറ്ററുകളിൽ എത്തുക. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ ഇടവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ എംസി ജിതിൻ.
താൻ ആദ്യമായി സംവിധാനം ചെയ്‌ത 'നോൺസെൻസ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് 'സൂക്ഷ്‌മദർശിനി' എന്ന സിനിമയുടെ ചിന്ത ഉദിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജിതിൻ സംസാരിച്ച് തുടങ്ങിയത്.
"നോൺസെൻസ് എന്ന പേര് വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ചിത്രത്തിനും, കേട്ടാൽ തന്നെ ഇതൊരു നല്ല ചിത്രമാണെന്ന് തോന്നുന്ന തരത്തിലുള്ള ഒരു പേര് വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒരു സിനിമയുടെ പേര് മികച്ചതായാൽ തന്നെ പകുതി പ്രെമോഷൻ കഴിഞ്ഞു.
സൂക്ഷ്‌മദർശിനി എന്ന പേരിന് പിന്നിലെ കൗതുകം എന്താണെന്ന് സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാകും. സിനിമയുടെ മറ്റു വിശേഷങ്ങൾ പറയാം. 2018 ലാണ് സൂക്ഷ്‌മദർശിനി എന്ന സിനിമയുടെ ഐഡിയ മനസ്സിൽ തോന്നുന്നത്. നോൺസെൻസ് എന്ന ആദ്യ സിനിമ ഒരു റോഡ് മൂവി ആയിരുന്നു.
ദിവസവും ലൊക്കേഷൻ ഷിഫ്റ്റ് ഉണ്ടാകും. രാത്രി ഷൂട്ടിംഗ് പതിവില്ല. പലപ്പോഴും ഒരു ദിവസത്തിന്‍റെ അഞ്ച് മണിക്കൂർ കോൾ ഷീറ്റ് പാഴായി പോകാറാണ് പതിവ്. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത്, കുറച്ചു കുടുംബങ്ങൾ കേന്ദ്രീകരിച്ച് കഥ പറയുന്ന ഒരു ആശയം ചിന്തിച്ചാലോ എന്ന് തോന്നി.
സത്യൻ അന്തിക്കാട് മുമ്പ് ചെയ്‌തിട്ടുള്ള ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, തലയണമന്ത്രം പോലുള്ള സിനിമകൾ ഇന്നും മലയാളികൾക്ക് ഇഷ്‌ടമാണ്. അത്തരമൊരു ചുറ്റുപാടിൽ ഒരു ഹിച്ച്ഹോഖ്യൻ മിസ്ട്രി കൂടി ചേരുകയാണെങ്കിൽ അതൊരു ഗംഭീര സിനിമയാകുമെന്ന് തോന്നി."-എംസി ജിതിൻ പറഞ്ഞു.
സൂക്ഷ്‌മദർശിനിയുടെ വൺ ലൈൻ തയ്യാറാക്കാൻ പ്രചോദനമായത് തന്‍റെ അമ്മയാണെന്ന് ജിതിൻ പറഞ്ഞു. ഈ സിനിമ എഴുതാൻ പ്രചോദനമായൊരു സംഭവ വികാസം അമ്മയുമായി ബന്ധപ്പെട്ടതാണെന്നും ആ സംഭവം അതുപോലെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
"ഒരു ഫീമെയിൽ കഥാപാത്രത്തെ മലയാള സിനിമയിൽ കൊണ്ടുവരണം എന്നത് എന്‍റെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു. ഈയൊരു ആഗ്രഹത്തെ മേൽപ്പറഞ്ഞ ആശയത്തിൽ ഉൾക്കൊള്ളുകയാണെങ്കിൽ സിനിമ അരങ്ങു തകർക്കും. ഈ ആശയങ്ങളെ എങ്ങനെ ഏകീകരിച്ച് ഒരു മികച്ച തിരക്കഥ ഉണ്ടാക്കാം എന്നുള്ളതായിരുന്നു പിന്നീടുള്ള കാലങ്ങളിലെ ചിന്ത.
2018 ഓടുകൂടി ഈ ആശയങ്ങളെ ഏകീകരിച്ച് ഒരു വൺ ലൈൻ തയ്യാറാക്കാൻ സാധിച്ചു. അതിന് പ്രചോദനമായത് എന്‍റെ അമ്മയാണ്. അമ്മയുടെ സ്വഭാവ ഗുണങ്ങൾ എന്‍റെ സിനിമയിലെ കഥാപാത്രത്തിന് യോഗ്യമാണെന്ന് തോന്നി.
എനിക്ക് ഈ സിനിമ എഴുതാൻ പ്രചോദനമായ ഒരു സംഭവ വികാസം അമ്മയുമായി ചേർത്ത് വായിക്കാവുന്നതാണ്. ആ സംഭവം അതുപോലെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് സിനിമയുടെ കോ റൈറ്ററായ അതുലിനോട് ആശയം വിവരിച്ചു. ഞങ്ങളുടെ തൃപ്‌തികരമായ ചർച്ചയിൽ സിനിമ രൂപപ്പെട്ടു."-എംസി ജിതിൻ വിശദീകരിച്ചു.
നോൺസൺസ് റിലീസായ ശേഷം തനിക്ക് അടുത്ത അവസരം ലഭിക്കുന്നത് ബോളിവുഡിൽ നിന്നാണെന്നും ജിതിൻ വെളിപ്പെടുത്തി. നോൺസൺസ് എന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനായിരുന്നു അവസരം എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്‌മദർശിനി ബോളിവുഡിൽ ഒരുക്കാൻ ഇരുന്ന ചിത്രമാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
"നോൺസൺസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും ചിത്രം ഹിന്ദിയിൽ വർക്ക് ആകുമോ എന്ന് സംശയം ആയിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു ആശയം പറഞ്ഞാൽ സിനിമ ആക്കാമോ എന്ന് പ്രസ്‌തുത പ്രൊഡക്ഷൻ കമ്പനിയോട് ചോദിച്ചു. സൂക്ഷ്‌മദർശിനിയുടെ കഥ ആദ്യം സംസാരിക്കുന്നത് ആ പ്രൊഡക്ഷൻ കമ്പനിയിലാണ്.
തുടർന്ന് ബോളിവുഡിലെ ഒരു പ്രമുഖ നടിയോട് കഥ പറഞ്ഞു. അവർക്ക് സിനിമ ചെയ്യാൻ താല്‍പ്പര്യം ഉണ്ടായിരുന്നു. കാലക്രമത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ സിനിമ ബോളിവുഡിൽ സംഭവിക്കുന്നതിന് കാര്യതടസ്സം നേരിട്ടു. തുടർന്ന് വീണ്ടും ചിത്രം മലയാളത്തിൽ ചിന്തിച്ചാലോ എന്ന് തോന്നി.
തുടർന്ന് മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനികളോടൊക്കെ കഥ പറഞ്ഞു. ഒടുവിൽ ഹാപ്പി അവേർസ് എന്ന കമ്പനിക്ക് കഥ ഇഷ്‌ടപ്പെട്ടു. ഹാപ്പി അവേർസിന്‍റെ ഉടമസ്ഥരിൽ ഒരാളായ സമീറിന് കഥ വർക്കൗട്ട് ആയി. പ്രശസ്‌ത ഛായഗ്രഹകനും സംവിധായകനും കൂടിയാണ് സമീര്‍. മറ്റാരോടും കഥ ഇനി ചര്‍ച്ച ചെയ്യേണ്ടെന്നും ഞങ്ങൾക്കത് പ്രൊഡ്യൂസ് ചെയ്യുന്നുവെന്നും സമീർ താഹിർ വാക്കു നൽകി. കോവിഡ് കാലത്ത് ഈ സിനിമ ചിത്രീകരിക്കാനായിരുന്നു പദ്ധതി."-എംസി ജിതിൻ പറഞ്ഞു.
സൂക്ഷ്‌മദര്‍ശിനി ബേസില്‍ ജോസഫിലേയ്‌ക്ക് എത്തിയതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു. ഒറ്റ ഫോൺ കോളിലാണ് ബേസിൽ സൂക്ഷ്‌മദര്‍ശിനിയുടെ ഭാഗമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേസിലിന് മുമ്പ് മറ്റൊരു താരത്തെ വച്ച് ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
"2021ൽ മറ്റൊരു താരത്തെ വച്ച് ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ആ താരത്തിന്‍റെ ചില ബുദ്ധിമുട്ടുകൾ കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങി.
ഇതിനിടയിൽ മിന്നൽ മുരളിയുടെ സംവിധായകൻ കൂടിയായ ബേസിൽ ജോസഫിനോട് സമീർ താഹിർ ഈ സിനിമയുടെ ആശയം പറഞ്ഞിരുന്നു. സമീർ താഹിർ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്‌തത്.
ബേസിൽ ജോസഫിന് ഈ കഥ വല്ലാതെ ഇഷ്‌ടപ്പെട്ടു. എപ്പോഴും എന്നെ കാണുമ്പോൾ പറയും ഈ കഥ സിനിമയാകണമെന്ന്. പല വഴികളും അടഞ്ഞതോടെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ ബേസിലിനോട് തന്നെ ആവശ്യപ്പെടേണ്ടതായി വന്നു. ഒറ്റ ഫോൺ കോളിൽ ബേസിൽ പടത്തിന്‍റെ ഭാഗമായി. തിരക്കഥ പോലും കേൾക്കാതെയാണ് ബേസിൽ സിനിമ ചെയ്യാൻ സമ്മതിച്ചത്.
ഇതിനിടെ പ്രധാന കഥാപാത്രമായ പ്രിയദർശനിയുടെ റോൾ നസ്രിയയിലേയ്‌ക്ക് എത്തിച്ചേര്‍ന്നു. ഫഹദിനും നസ്രിയക്കും ഈ സിനിമ നിർമ്മിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് അവർക്ക് 'പ്രേമലു', 'ആവേശം' എന്നീ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപൃതർ ആയതുകൊണ്ട് സിനിമ നിർമ്മിക്കാൻ ഹാപ്പി അവേഴ്‌സ് തന്നെ മുന്നോട്ടുവന്നു."-എംസി ജിതിൻ വ്യക്‌തമാക്കി.
ലിബിൻ എന്ന തന്‍റെ ബാല്യകാല സുഹൃത്ത് കൂടി തനിക്കൊപ്പം തിരക്കഥ എഴുതാൻ ഒപ്പം കൂടിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയുടെ കോ റൈറ്റർ കൂടിയാണ് അദ്ദേഹം. തുടർന്നുള്ള ഒന്നര വർഷത്തിൽ തിരക്കഥ മികച്ചൊരു രൂപത്തിലേക്ക് എത്തിച്ചേർന്നെന്നും ജിതിൻ പറഞ്ഞു.
"ബേസിലും നസ്രിയയും സെറ്റിലുള്ളത് ഒരു ഓളം ആയിരുന്നു. എപ്പോഴും തമാശയും സന്തോഷവും അവർ അവിടെ പരത്തി കൊണ്ടിരിക്കും. അതൊരുപക്ഷേ കൂടെ ജോലി ചെയ്യുന്നവർക്കും ഒരു പോസിറ്റീവ് എനർജി നൽകും. അഭിനേതാക്കൾ തമ്മിൽ നല്ല ആഴത്തിലുള്ള സൗഹൃദം ഉണ്ടെങ്കിൽ കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്കൗട്ടാകും. സെറ്റിൽ ബേസിലും നസ്രിയയും മികച്ച ഡയനാമിക്‌സില്‍ ആയിരുന്നുവെങ്കിലും ഇവരുടെ കഥാപാത്രങ്ങൾ തമ്മിൽ അങ്ങനെയല്ല." -ജിതിൻ പറഞ്ഞു.
ചങ്ങനാശ്ശേരിയിലും ചെന്നൈയിലുമാണ് ജിതിന്‍ തന്‍റെ പഠനം പൂർത്തിയാക്കിയത്. പിന്നീട് 1983 എന്ന സിനിമയിൽ എബ്രിഡ് ഷൈനിന്‍റെ സംവിധാന സഹായിയായി. സംവിധായകൻ മഹേഷ് നാരായണനോടൊപ്പവും സഹകരിച്ചു. സിനിമകളിൽ സഹായിയായി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടുകളിലും ജിതിന്‍ ക്ലാസുകൾ എടുക്കാൻ പോയിരുന്നു.