യൂട്യൂബ് വ്ളോഗിലൂടെ മലയാളികൾക്ക് സുപരിചിതരാണ് ലിജോ ലോനപ്പനും ചിപ്പിയും. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിജോ യൂട്യൂബ് വ്ളോഗിംഗ് ആരംഭിക്കുന്നത്. തുടക്കകാലത്ത് അധികം സജീവമല്ലായിരുന്ന ലിജോ, മ്യൂസിക് ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും തല കാണിച്ച് സിനിമയില്‍ എത്തിപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നു.
അതിനിടെയായിരുന്നു ചിപ്പിയുമായുള്ള വിവാഹം. വിവാഹ ശേഷമാണ് ലിജോ വളരെ സീരിയസായി യൂട്യൂബ് വ്‌ളോഗുകള്‍ ചെയ്യാൻ തുടങ്ങുന്നത്. അന്ന് ചിപ്പിക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു അക്കൗണ്ടുകളും ഇല്ലായിരുന്നു.
സോഷ്യൽ മീഡിയയെ കുറിച്ചോ മീഡിയ മേഖലയുമായി ബന്ധപ്പെട്ടോ ഒന്നിനെ കുറിച്ചും തനിക്ക് യാതൊരു അറിവില്ലെന്നും സോഷ്യൽ മീഡിയ ജീവിതം പുതുമയുള്ളൊരു അനുഭവം ആയിരുന്നെന്നും ചിപ്പി തുറന്നു പറഞ്ഞു. സോഷ്യൽ മീഡിയയിലെ വ്ളോഗർ താരങ്ങളായ ലിജോ-ചിപ്പി ദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചു.
"ലിജോയുടെ പിന്തുണയോട് കൂടിയാണ് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കുന്നതും ലിജോയ്‌ക്കൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും. ആദ്യമൊക്കെ വീഡിയോയുടെ താഴെ വരുന്ന കമന്‍റുകളെ ഭയമായിരുന്നു. ഒരു നെഗറ്റീവ് കമന്‍റ് വന്നാൽ ഞാൻ വല്ലാതെ അസ്വസ്ഥയാകുമായിരുന്നു.
ഏതൊരു കാര്യമാണെങ്കിലും അത് തന്‍മയത്വത്തോടു കൂടി കൈകാര്യം ചെയ്യണം. ചിലരുടെ അഭിപ്രായ സ്വാതന്ത്ര്യങ്ങൾ അതിരു കടക്കുമ്പോൾ വളരെ ലളിതമായി അതിനെ സമീപിക്കണമെന്നും ലിജോ എന്നെ ബോധ്യപ്പെടുത്തി." -ചിപ്പി പറഞ്ഞു.
ഒരു ഇംഗ്ലീഷ് ഷോയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവതരിപ്പിച്ച ജ്യൂസി ക്വസ്റ്റ്യനയര്‍ വ്‌ളേഗാണ് ആദ്യത്തെ വൈറൽ വീഡിയോ. ആ വീഡിയോയുടെ പേരിൽ ഞങ്ങൾക്ക് ഒരുപാട് ട്രോളുകൾ ലഭിച്ചതായി ചിപ്പിയും ലിജോയും വെളിപ്പെടുത്തി.
സോഷ്യൽ മീഡിയ ലോകത്തെ കുറിച്ച് ലിജോയാണ് ചിപ്പിയെ ബോധ്യപ്പെടുത്തിയതെങ്കിൽ ചിപ്പി ലിജോയ്ക്ക് പറഞ്ഞു കൊടുത്തത് കുറെയധികം ജീവിത പാഠങ്ങളാണ്. വളരെ തുറന്ന ചിന്താഗതിയുള്ള വ്യക്‌തിയാണ് ലിജോ. ഇതേ കുറിച്ചും ലിജോ പറയുന്നു.
"സൗഹൃദങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകും. ഇപ്പോൾ പരിചയപ്പെടുന്ന വ്യക്‌തിയാണെങ്കിലും വർഷങ്ങൾ പരിചയം ഉള്ളത് പോലെ എല്ലാം തുറന്നു സംസാരിക്കും. അതൊക്കെ ഒരു പരിധി കഴിഞ്ഞാൽ അപകടമാണെന്ന് ചിപ്പിയാണ് പറഞ്ഞു തന്നത്." -ലിജോ പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ വരുമാനം ഉണ്ടാക്കാം എന്ന ആഗ്രഹത്തോടെ മുന്നോട്ട് വരുന്നവർക്ക് ഒരു മാർഗനിർദ്ദേശവും ലിജോ നൽകി. ജോലി ഉപേക്ഷിച്ച് പണം ഉണ്ടാക്കാമെന്ന മോഹത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗിലേയ്‌ക്ക് കടന്നുവരുന്നത് വിഡ്ഢിത്തരം ആണെന്ന് ലിജോ വ്യക്‌തമാക്കി.
"യൂട്യൂബിലോ ഇൻസ്‌റ്റഗ്രാമിലോ വീഡിയോകൾ ചെയ്‌ത് പണം സമ്പാദിക്കാം എന്നൊരു മോഹത്തോടെ ആരെങ്കിലും ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും തെറ്റായ ചിന്താഗതിയാണ്. വരുമാനം ലഭിക്കില്ല എന്നതല്ല അർത്ഥമാക്കുന്നത്. വരുമാനം ലഭിക്കും, പക്ഷേ അതൊരു സ്ഥിര വരുമാനം ആയിരിക്കില്ല.
ഒരു കുടുംബം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക ഭദ്രത യൂട്യൂബ് വ്‌ളോഗിംഗ് എന്നൊരു കാര്യം കൊണ്ട് മാത്രം ലഭിക്കുകയില്ല. സോഷ്യൽ മീഡിയയെ ഒരായുധമാക്കി സ്ഥിര വരുമാനം ലഭിക്കുന്ന ഒരു ബിസിനസോ ജോലിയോ ഉറപ്പായും ഉണ്ടാകണം. ഉള്ള വരുമാന സ്രോതസ്സുകൾ പൂർണ്ണമായും നഷ്‌ടപ്പെടുത്തിയോ ജോലി രാജിവച്ചോ പണം ഉണ്ടാക്കാം എന്ന മോഹത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിംഗിലേയ്‌ക്ക് കടന്നുവരുന്നത് വിഡ്ഢിത്തരം ആണ്." -ലിജോ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ സാറ്റലൈറ്റ് ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്‌തിരുന്ന ചില സീരിയലുകളില്‍ ലിജോ വേഷമിട്ടിട്ടുണ്ട്. ആ സെറ്റുകളിൽ ലിജോ ചിപ്പിയെയും ഒപ്പം കൂട്ടിയിരുന്നു. എല്ലാം ചിപ്പിയെ നേരിൽ കാണിച്ച് ലിജോ ബോധ്യപ്പെടുത്തിയിരുന്നു. സ്വന്തമായി ഒരു ബുട്ടിക്ക് ബിസിനസ് നടത്തിവരികയാണ് ചിപ്പി. ഒരു ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഉടമസ്ഥനാണ് ലിജോ.