തെന്നിന്ത്യൻ സിനിമകളിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ് ജെ സൂര്യ മലയാളത്തിൽ അരങ്ങേറുന്നതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. ബാദുഷ സിനിമാസ് നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് എസ് ജെ സൂര്യ മലയാളത്തിൽ അരങ്ങേറുന്നത്.
ഹൈദരാബാദിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ് ചിത്രത്തിന്‍റെ നിർമാണ പങ്കാളിയായ ബാദുഷ തന്‍റെ സോഷ്യൽ മീഡിയയിലൂടെ ഇരക്കാര്യം സ്ഥിരീകരിച്ചത്. താരത്തിനൊപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഏതായാലും എസ് ജെ സൂര്യയുടെ വരവിൽ മലയാളി ആരാധകർ ഏറെ ആവേശത്തിലാണ്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്. 'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ വിപിൻ ദാസിന്‍റെ പുതിയ സിനിമയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രാസ്വാദകർ. പ്രേക്ഷകപ്രിയ താരം ഫഹദ് ഫാസിലാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പക്കാ മാസ് എന്‍റർടെയിനറായിരിക്കും ഈ സിനിമയെന്നാണ് വിവരം.
മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ബാദുഷ സിനിമാസിന്‍റെ ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവരാണ് പേരിടാത്ത ഈ ചിത്രത്തിന്‍റെ നിർമാതാക്കൾ.
ബാദുഷ സിനിമാസ് നിർമിക്കുന്ന ഹൈ ബജറ്റ് സിനിമയായിരിക്കും ഇത്. ഫഹദ് ഫാസിൽ - എസ് ജെ സൂര്യ കൂട്ടുകെട്ടിന്‍റെ സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും. പി ആർ ഒ - പ്രതീഷ് ശേഖർ.
ALSO READ: ഇത് പൊളിക്കും ; 'ചിയാൻ 62'വിൽ വിക്രമിനൊപ്പം എസ് ജെ സൂര്യയും