ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്‌റ്റിലായതിന് പിന്നാലെയാണ് സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനൊരുങ്ങുന്നത്. സിദ്ദിഖിനെതിരെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.
നടന്‍ വിദേശത്ത് കടക്കാതിരിക്കാനാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ ഈ നീക്കം.
അതേസമയം ഹൈക്കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം സുപ്രിം കോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്‍റെ നീക്കം. എന്നാല്‍ സാവകാശം നൽകാതെ സിദ്ദിഖിനെ അറസ്‌റ്റ് നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കമെന്നാണ് സൂചന. കൊച്ചി ആലുവയിലെ വീട്ടിൽ നിന്നും കുട്ടമശ്ശേരിയിൽ നിന്നും നടൻ മാറി നിൽക്കുകയാണ്. സിദ്ദിഖിന്‍റെ ഫോണുകളും സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ യുവ നടിയുടെ പരാതിയിൽ, ബലാത്സംഗ കുറ്റം ഉൾപ്പടെ ചുമത്തിയാണ് പൊലീസ് നടനെതിരെ കേസെടുത്തത്. പിന്നാലെ സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവനടിയുടെ പരാതി. ഇതേ തുടർന്നാണ് സിദ്ദിഖിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
അതേസമയം പ്രാഥമിക അന്വേഷണത്തിൽ തന്നെ സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തി പകരുന്ന ചില തെളിവുകള്‍ ലഭിച്ചിരുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു യുവ നടി പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വയ്‌ക്കുകയും ചെയ്‌തിരുന്നു.
Also Read: ലൈംഗികാതിക്രമ കേസില്‍ മുകേഷ് അറസ്‌റ്റില്‍ - Mukesh arrested