തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സിദ്ദിഖിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം നാർകോട്ടിക് സെൽ അസിസ്‌റ്റന്‍റ് കമ്മീഷണർക്ക് മുമ്പിൽ ഹാജരായപ്പോഴാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
മകൻ ഷഹീൻ സിദ്ദിഖിനൊപ്പമാണ് സിദ്ദിഖ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനില്‍ എത്തിയത്. സുപ്രീം കോടതിയിൽ നിന്നും സിദ്ദിഖ് മുൻകൂർ ജാമ്യം എടുത്തിരുന്നു. അതുകൊണ്ട് തന്നെ സിദ്ദിഖിന് ജയിൽവാസം അനുഭവിക്കേണ്ടി വരില്ല. അറസ്‌റ്റ് ചെയ്‌ത് വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകണമെന്നാണ് വ്യവസ്ഥ. ഇതിനായി വൈദ്യ പരിശോധനയ്ക്ക് ശേഷം നടനെ വഞ്ചിയൂർ കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നു.
അതേസമയം സിദ്ദിഖിന് ജാമ്യം നല്‍കിയാല്‍ സമാനമായ മറ്റ് കേസുകളെയും ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം തള്ളിക്കൊണ്ടായിരുന്നു നടന് ജാമ്യം ലഭിച്ചത്. എന്നാല്‍ അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
മറ്റ് ഉപാധികള്‍ കൂടി ആവശ്യമെങ്കില്‍ വിചാരണക്കോടതിയ്‌ക്ക് നിശ്ചയിക്കാമെന്നും ജസ്‌റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
2016ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സിദ്ദിഖിനെതിരെ നടിയുടെ പരാതി. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സിദ്ദിഖിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിജീവിത പരാതി നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. പരാതി നല്‍കാന്‍ പരാതിക്കാരി എന്തുകൊണ്ട് എട്ട് വര്‍ഷം വൈകിയെന്ന ചോദ്യം ബെഞ്ച് ആവര്‍ത്തിച്ചു. 2016ലാണ് സംഭവം നടന്നതെന്നും പരാതിക്കാരി 2018ല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടിട്ടും പൊലീസില്‍ എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്നും കോടതി ചോദിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും കേരള ഹൈക്കോടതിയുടെ ഇടപെടലുമാണ് കേസില്‍ പരാതി നല്‍കാന്‍ ധൈര്യം നല്‍കിയതെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സംഭവത്തെ കുറിച്ച് പുറത്തു പറയാനുള്ള ശ്രമമാണ് അന്ന് അതിജീവിത ഫേസ്‌ബുക്കിലൂടെ നടത്തിയതെന്നും സിദ്ദിഖിന്‍റെ അനുയായികളില്‍ നിന്നും പരാതിക്കാരിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നെന്നും വൃന്ദ ഗ്രോവര്‍ വ്യക്തമാക്കിയെങ്കിലും കോടതി വഴങ്ങിയിരുന്നില്ല.
തനിക്ക് ആശ്രയിക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത പരാതിക്ക് തയ്യാറായതെന്നും സിദ്ദീഖിനെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്വേഷണത്തെയും കേസിലെ വിചാരണയെയും പ്രതികൂലമായി ബാധിക്കുമെന്നും വൃന്ദ ഗ്രോവര്‍ കോടതിയില്‍ വാദിച്ചിരുന്നു.