എറണാകുളം: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ (AMMA) ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖിനെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിൽ വച്ച് വോട്ടെടുപ്പിലൂടെയാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രറി സ്ഥാനത്തേക്ക് മത്സരിച്ച ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരെയാണ് സിദ്ദിഖ് പരാജയപ്പെടുത്തിയത്.
വൈസ് പ്രസിഡന്‍റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജു പിള്ളയാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടത്. ജോയിൻ്റ് സെക്രട്ടറിയായി ബാബുരാജ് വിജയിച്ചു. അനൂപ് ചന്ദ്രനാണ് പരാജയപ്പെട്ടത്.
പ്രസിഡന്‍റായി മോഹന്‍ലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ 25 വർഷമായി ജനറൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന ഇടവേള ബാബു തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് സിദ്ദിഖിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്. എന്നാൽ ഉണ്ണി ശിവപാലും നടി കുക്കു പരമേശ്വരനും മത്സരിക്കാൻ എത്തിയതോടെയാണ് വോട്ടെടുപ്പ് നടന്നത്.
ഭാരവാഹി സ്ഥാനത്തേക്ക് മത്സരിച്ച ഏക വനിത മഞ്ജു പിള്ള പരാജയപ്പെടുകയായിരുന്നു. ചുരുങ്ങിയത് നാലു വനിതകളെങ്കിലും കമ്മിറ്റിയിൽ വേണമെന്നാണ് സംഘടനയുടെ നിയമാവലിയിൽ ഉള്ളത്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതകൾ മത്സരിക്കുന്നുണ്ട്. ഇവർ മൂന്ന് പേർ വിജയിച്ചാലും ഒരാളുടെ കുറവ് ഉണ്ടാകും.
അതേസമയം എല്ലാവർക്കും വേണ്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്ന തനിക്കെതിരെ സൈബർ ആക്രമണം നടന്നപ്പോൾ സംഘടനയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന വിമർശനം ഇടവേള ബാബു ഉന്നയിച്ചതായാണ് സൂചന. പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുത്.
ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ 'പെയ്‌ഡ് സെക്രട്ടറി' ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇടവേള ബാബു വിട വാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ഇത്തവണ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന വാർത്ത സമ്മേളനം ഒഴിവാക്കിയിരുന്നു. മോഹൻലാൽ ഉൾപ്പടെ പ്രമുഖ താരങ്ങളെല്ലാം ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. വിദേശത്തായതിനാൽ മമ്മൂട്ടി ജനറൽ ബോഡി യോഗത്തിനെത്തിയില്ല.
ALSO READ: എഎംഎംഎ യോഗത്തിന് കൊച്ചിയിൽ തുടക്കം