പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഉത്തരകാണ്ഡ' എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലെ ശിവ രാജ്‌കുമാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ശിവ രാജ്‌കുമാറിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിലെ അദ്ദേഹത്തിന്‍റെ 'മാലിക' എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഓരോ ചിത്രത്തിലും വ്യത്യസ്‌ത മേക്കോവറിൽ ആരാധകരെ ത്രസിപ്പിക്കുന്ന ശിവരാജ് കുമാർ ഈ ചിത്രത്തിലും ആ പതിവ് തെറ്റിച്ചില്ല.
ചോര പുരണ്ട മുഖവും ശരീരവുമായി മാസ് അവതാരമായാണ് അദ്ദേഹം 'ഉത്തരകാണ്ഡ'യിലും എത്തുന്നത്. 'ഉത്തരകാണ്ഡ' ടീം ഇതിനോടകം പുറത്തുവിട്ട മറ്റെല്ലാ പോസ്റ്ററുകളും പോലെ ഈ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്. ഇതോടെ സിനിമയെ കുറിച്ചുളള പ്രതീക്ഷകള്‍ കൂടിയിരിക്കുകയാണ്.
കന്നഡ സിനിമ ഇൻഡസ്ട്രിയിലെ വമ്പൻ ചിത്രങ്ങളിലൊന്നായ 'ഉത്തരകാണ്ഡ' സംവിധാനം ചെയ്‌തിരിക്കുന്നത് രോഹിത് പടകിയാണ്. കെആർജി സ്റ്റുഡിയോയുടെ ബാനറിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത് കാർത്തിക് ഗൗഡ, യോഗി ജി രാജു എന്നിവർ ചേർന്നാണ്. സംവിധായകരായ രോഹിത്, ശരത് മഞ്ജുനാഥ് എന്നിവരാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്‌ത ഗായകനും സംഗീതജ്ഞനുമായ അമിത് ത്രിവേദി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അദ്വൈത ഗുരുമൂർത്തിയാണ്.
ഈ ആക്ഷൻ ഡ്രാമയുടെ കലാസംവിധാനം വിശ്വാസ് കശ്യപും എഡിറ്റിങ് അനിൽ അനിരുദ്ധും പശ്ചാത്തല സംഗീതം ചരൺ രാജുമാണ് നിര്‍വഹിക്കുന്നത്. നടരാക്ഷസ ദാലി ധനഞ്ജയ, ഭാവന, ഐശ്വര്യ രാജേഷ്, ദിഗാന്ത് മഞ്ചലേ എന്നിവര്‍ ചിത്രത്തില്‍ വിവധ വേഷത്തില്‍ എത്തുന്നുണ്ട്. പിആർഒ: ശബരി.
Also Read: ബോക്‌സോഫിസ് തൂത്തുവാരി 'കൽക്കി'; 900 കോടിയും കടന്ന് കലക്ഷൻ