മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്‌മി എന്നിവർ ഒന്നിക്കുന്ന 'ഹലോ മമ്മി' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വൈശാഖ് എലൻസാണ് സംവിധാനം ചെയ്യുന്നത്. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വൈശാഖ് എലൻസ്.
ഫാന്‍റസി കോമഡി ജോണറിലെത്തുന്ന 'ഹലോ മമ്മി'യിൽ ബോളിവുഡ് താരം സണ്ണി ഹിന്ദുജയും പ്രധാന വേഷത്തിൽ ഉണ്ട്. നിരവധി ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും 'ആസ്‌പിരൻസ്, ദി ഫാമിലി മാൻ, റെയിൽവേ മെൻ' തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ സണ്ണി ഹിന്ദുജ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ഹലോ മമ്മി'.
അജു വർഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീര, ജോമോൻ ജ്യോതിർ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാൻജോ ജോസഫ് ആണ് 'ഹലോ മമ്മി'യുടെ രചന നിർവഹിച്ചിരിക്കുന്നത്.

'നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹലോ മമ്മി'. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിർമാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവർ 'ഹലോ മമ്മി'യുടെ സഹനിർമ്മാതാക്കളാണ്.
പ്രവീൺ കുമാറാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശസ്‌ത സിനിമാറ്റോഗ്രാഫർ സന്തോഷ് ശിവന്‍റെ അസോസിയേറ്റ് ആയിരുന്നു പ്രവീൺ കുമാർ. '2018', 'ആർ ഡി എക്‌സ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് 'ഹലോ മമ്മി'യുടെ എഡിറ്റർ. ജേക്‌സ് ബിജോയിയാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ALSO READ: 'ഹലോ മമ്മി' ; ഫാന്‍റസി - കോമഡി ചിത്രവുമായി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‌മിയും
പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ഗാനരചന : മുഹ്സിൻ പരാരി, വസ്‌ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, ചീഫ് അസോസിയേറ്റ് : വിശാഖ് ആർ വാരിയർ, വി എഫ് എക്‌സ് : ഹാങ്ങ് ഓവർ വി എഫ് എക്‌സ്, ആക്ഷൻ : പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി : ഷെരീഫ്, സ്റ്റിൽ : അമൽ സി സദർ, ഡിസൈൻ : യെല്ലോ ടൂത്ത്, പിആർഒ : പ്രതീഷ് ശേഖർ.