ഷെയിൻ നിഗത്തെ കേന്ദ്രകഥാപാത്രമാക്കി വീര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാല്‍'. സിനിമയുടെ ടീസര്‍ റിലീസ് ചെയ്‌തു. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ഹാല്‍'. 'ലിറ്റിൽ ഹാർട്‌സ്' എന്ന സിനിമയ്‌ക്ക് ശേഷം ഷെയിൻ നിഗം വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രം കൂടിയാണിത്.
സാക്ഷി വൈദ്യയാണ് 'ഹാലി'ലെ നായികയായി എത്തുന്നത്. ജോണി ആന്‍റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പിരിയാൻ വിധിക്കപ്പെട്ടവരോ അതോ, ഏതു പ്രതിസന്ധിയെയും തരണം ചെയ്‌ത് അവർ ഒന്നിക്കുമോ? 46 സെക്കൻഡ് ദൈർഘ്യം ഉള്ള ടീസർ ചർച്ചചെയ്യുന്നത് ഇതാണ്. കോരിച്ചൊഴിയുന്ന മരയുടെ പശ്ചാത്തലത്തില്‍ പൊലീസും പരിവാരങ്ങളും ചേര്‍ന്ന് കമിതാക്കളെ ബലം പ്രയോഗിച്ച് രണ്ടാക്കുന്ന ഹൃദയഭേദകമായ കാഴ്‌ചയാണ് ടീസര്‍ നല്‍കുന്നത്.
ജെവിജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നിഷാദ് കോയയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. 'ഓർഡിനറി', 'മധുര നാരങ്ങ', 'തോപ്പിൽ ജോപ്പൻ', 'ശിക്കാരി ശംഭു' എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് 'ഹാൽ'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആതിഫ് അസ്ലവും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആതിഫ് അസ്ലം ഇതാദ്യമായി ഒരു മലയാള സിനിമയ്‌ക്കായി പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ചിത്രം ഒരേ സമയം റിലീസിനെത്തും. 'ഹാല്‍' ഒരു കംപ്ലീറ്റ് എന്‍റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് സൂചന. നന്ദഗോപൻ വി ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
ആർട്ട് ഡയറക്ഷൻ - പ്രശാന്ത് മാധവ്, ഛായാഗ്രഹണം - രവി ചന്ദ്രൻ, എഡിറ്റർ - ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്‌ണൻ, പ്രോജക്‌ട് ഡിസൈനര്‍ - ഷംനാസ് എം അഷ്‌റഫ്, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പികെ, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ് - സിനിമാസ്കോപ്പ്, ഡിസൈൻസ് - യെല്ലോ ടൂത്ത്, സ്‌റ്റിൽസ് - എസ്‌ബികെ ഷുഹൈബ്, പിആർഒ - വാഴൂര്‍ ജോസ്, ആതിര ദിൽജിത് ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.