കോഴിക്കോട് : ഷെയ്ൻ നിഗം നായകനായ 'ഹാൽ' സിനിമയുടെ ലൊക്കേഷനിൽ ഗുണ്ട ആക്രമണം. വ്യാഴാഴ്‌ച അർധരാത്രിയോടെ കോഴിക്കോട് മലാപ്പറമ്പ് ഇഖ്റ ആശുപത്രിക്ക് എതിർവശത്തുളള ഷൂട്ടിങ് ലൊക്കേഷനിലാണ് പ്രൊഡക്ഷൻ മാനേജർ ടി ടി ജിബു അടക്കമുള്ളവർക്ക് ഒരു സംഘത്തിന്‍റെ മർദനമേറ്റത്. പ്രൊഡക്ഷൻ മാനേജരുടെ മുഖത്ത് പരിക്കേറ്റു.
പേനകത്തി കൊണ്ട് കൈമുട്ടിന് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രൊഡക്ഷൻ മാനേജർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സിനിമക്കാരുടെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.
പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സിനിമയുടെ ആവശ്യത്തിലേക്കായി കോഴിക്കോടുകാരൻ്റെ ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. ഇതിൻ്റെ വാടക നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വാടകയ്ക്കായി ബൈക്കിൻ്റെ വിലയേക്കാൾ അധികം ചോദിച്ചതായും നൽകാതിരുന്നതാണ് അക്രമത്തിന് കാരണമെന്നും മർദനത്തിന് ഇരയായവർ പൊലീസിനോട് പറഞ്ഞു.
താര സംഘടനയായ അമ്മ പിളർപ്പിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകരെ നാട്ടുകാർ കൈകാര്യം ചെയ്‌ത സംഭവം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന 'ഹാൽ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റ് ഇഖ്റ ആശുപത്രിയുടെ എതിർ വശത്തെ വെളിച്ചെണ്ണ മില്ലിന് സമീപമാണ്. സംഗീതത്തിന് പ്രാധാന്യം നൽകി ചെയ്യുന്ന ഈ ചിത്രം ഷെയ്ൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായാണ് അവകാശപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോണി ആന്‍റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read: കൈ കോര്‍ത്ത് പിടിച്ച് കമിതാക്കള്‍; വേര്‍പ്പെടുത്തി പൊലീസ്; ഹാല്‍ ടീസര്‍ ശ്രദ്ധേയം