ബോളിവുഡ് സൂപ്പർ താരം ഷാഹിദ് കപൂർ നായകനായി പുതിയ ചിത്രം വരുന്നു. 'അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്' എന്ന ചിത്രവുമായാണ് താരം പ്രേക്ഷകർക്കരികിൽ എത്തുന്നത്. സച്ചിൻ രവി സംവിധാനം ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് പൂജ എന്‍റർടെയിൻമെന്‍റാണ്.
പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്കാണ് 'അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്' സിനിമയിലൂടെ പൂജ എന്‍റർടെയിൻമെൻസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാൻ ഒരുങ്ങുന്നത്. മിഥ്യയും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകളെ ഭേദിക്കുന്ന 'അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്' എന്ന ചിത്രത്തിൽ യോദ്ധാവായ 'അശ്വത്ഥാമാ'വായാണ് ഷാഹിദ് കപൂർ വേഷമിടുന്നത്. ഹിന്ദിയ്‌ക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലായാണ് ഈ ചിത്രം ഒരുങ്ങുന്നത്.
മഹാഭാരത കഥയിലെ അനശ്വര യോദ്ധാവായാണ് അശ്വത്ഥാമാവ് കണക്കാക്കപ്പെടുന്നത്. അശ്വത്ഥാമാവിന്‍റെ പൗരാണിക ഇതിഹാസ കഥയെ ആധുനിക കാലത്തേക്ക് പറിച്ചുനടുകയാണ് ഈ ചിത്രം ചെയ്യുന്നത്. ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വർത്തമാന കാലഘട്ടത്തിൽ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
പൂജ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് 'അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്' നിർമ്മിക്കുന്നത്. "ഞങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രൊജക്‌ടും വിനോദം മാത്രമല്ല, പ്രേക്ഷകരിൽ ആഴത്തിൽ പതിക്കുന്ന ഒരു അനുഭവം കൂടിയാണ് സൃഷ്‌ടിക്കുന്നത്. അവരുടെ ഹൃദയത്തിലും മനസിലും അവ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു.
ബഡേ മിയാൻ ചോട്ടെ മിയാന് ശേഷം ഏറെ അപ്രതീക്ഷിതമായ ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഈ സിനിമ ഞങ്ങളുടെ വഴിയിൽ വന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കഥയുടെ ആധുനിക കാലത്തെ ദൃശ്യാവിഷ്‌കാരമാണിത്'. ഇതിഹാസത്തിന്‍റെ വ്യാഖ്യാനം നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിർമ്മാതാവ് ജാക്കി ഭഗ്‌നാനി പറയുന്നു.
അനശ്വരത എന്നത് തനിക്ക് ഒരുപാട് വികാരങ്ങളും നാടകീയമായ രംഗങ്ങളും ഉണർത്തുന്ന കൗതുകകരമായ സങ്കൽപ്പമാണെന്ന് സംവിധായകൻ സച്ചിൻ രവി പറഞ്ഞു. 'മഹാഭാരതത്തിലെ അശ്വത്ഥാമാവ് ഇന്നും ജീവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന അമർത്യനാണ് (Immortal). അവന്‍റെ ആഖ്യാനത്തിലൂടെ ഈ കഥയ്‌ക്ക് ജീവൻ നൽകുകയും, അവനെ ഇന്നത്തെ ടൈംലൈനിൽ സ്ഥാപിക്കുകയും ചെയ്യുകയാണ് എന്‍റെ ലക്ഷ്യം.
ഒരു അനശ്വര ജീവിയുടെ സങ്കീർണമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുകയും, ആയിരക്കണക്കിന് വർഷങ്ങളായി താൻ കണ്ട ഒരു ലോകത്തെ അവൻ എങ്ങനെ കാണുന്നു എന്ന് അന്വേഷിക്കുകയും ചെയ്യുക എന്നതുമായിരുന്നു എന്‍റെ ലക്ഷ്യം'. ഒരു ഇതിഹാസ ആക്ഷൻ സിനിമയിലൂടെ അശ്വത്ഥാമാവിന്‍റെ കഥ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും സംവിധായകന്‍റെ വാക്കുകൾ. പിആർഒ : ശബരി.