ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതര വെളിപ്പെടുത്തല്‍. രഞ്ജിത്ത് സംവിധാനം ചെയ്‌ത 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് സംവിധായകനില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതെന്ന് നടിയുടെ വെളിപ്പെടുത്തല്‍. ഇടിവി ഭാരതിനോട് ശ്രീലേഖ മിത്ര തന്‍റെ അനുഭവം തുറന്നു പറഞ്ഞു.
ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും ശ്രീലേഖ മിത്ര വെളിപ്പെടുത്തി. സിനിമയുടെ പ്രതിഫലം, കഥാപാത്രം എന്നിവ സംസാരിക്കുന്ന വേളയില്‍ കൊച്ചിയില്‍ വച്ചാണ് തനിക്കീ ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു.
'നിര്‍മാതാവ് ഉള്‍പ്പെടെ ഉള്ളവരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേയ്‌ക്ക് വന്നു. ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. അത്തരം വളകള്‍ കണ്ട കൗതുകമാണെന്നാണ് ആദ്യം ഞാന്‍ കരുതിയത്.
എന്‍റെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്‍റെ മുടിയിഴകളിലൂടെ തലോടാന്‍ തുടങ്ങി. എന്‍റെ കഴുത്തിന് അരികിലേയ്‌ക്ക് സ്‌പര്‍ശനം നീണ്ടപ്പോള്‍ താന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി ടാക്‌സി പിടിച്ച് അവിടെ നിന്നും രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തില്‍ കഴിച്ചുകൂട്ടിയത്.
ഹോട്ടല്‍ റൂമിലെത്തിയിട്ടും ഭയം വിട്ടുമാറിയില്ല. മുറിയുടെ വാതില്‍ ആരെങ്കിലും ബലമായി തുറക്കുമെന്ന് പേടിച്ച് സോഫ സെറ്റ് വാതിലിനോട് ചേര്‍ത്തു വച്ചാണ് ഇരുന്നത്. ഭര്‍ത്താവിനോട് ഇതൊന്നും പറയാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല അന്ന് ഞാന്‍. റിട്ടേണ്‍ ടിക്കറ്റ് എടുത്ത് തരാന്‍ പ്രൊഡ്യൂസറോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല. 33,000 രൂപ സ്വന്തം കയ്യില്‍ നിന്ന് എടുത്താണ് ഞാന്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചുവന്നത്.
ഇവിടെ എത്ര പെണ്‍കുട്ടികള്‍ സംസാരിക്കാന്‍ ധൈര്യപ്പെടുമെന്ന് അറിയില്ല. അവസരം തരുന്നവരെ പെണ്‍കുട്ടികള്‍ ഭയക്കുന്നു. ഇനി അവസരമെങ്ങാനും കിട്ടിയില്ലെങ്കിലോ എന്നോര്‍ത്തും ഭയക്കുന്നു. നാല് വര്‍ഷം മുന്‍പ് ഞാന്‍ പ്രതികരിക്കാന്‍ ശ്രമിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ അടക്കം എന്നെ തെറ്റുകാരിയായി ചിത്രീകരിച്ചു. ഇന്ന് കാര്യങ്ങള്‍ വളരെ വ്യക്തമാണ്' -ശ്രീലേഖ മിത്ര പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ മിത്ര പറഞ്ഞു.