ദിലീപ് നായകനായ 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ചിത്രത്തിന് ശേഷം സജീവ് പാഴൂർ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'. സിജു വിൽസൺ നായകനാകുന്ന ഈ ചിത്രം കലമ്പാസുരൻ എന്ന മിത്തോളജിക്കൽ കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. തന്‍റെ സിനിമാവിശേഷങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് സജീവ് പാഴൂർ.
'ജോലിയുടെ ഭാഗമായി പലപ്പോഴും യാത്രകൾ ചെയ്യാൻ അവസരം ലഭിക്കാറുണ്ട്. അത്തരം യാത്രയ്ക്കിടയിലാണ് പല സിനിമകളുടെയും ആശയങ്ങളും കഥാപാത്രങ്ങളും വീണുകിട്ടുന്നത്. കലമ്പാസുരന്‍റെ ആശയം വീണുകിട്ടുന്നതും അങ്ങനെയൊരു യാത്രയിൽ നിന്നുതന്നെ'- സജീവ് പാഴൂർ പറഞ്ഞുതുടങ്ങി.
പഞ്ചവത്സര പദ്ധതിയുടെ കഥ നടക്കുന്നത് വയനാട്ടിലെ മലയോര മേഖലയിലാണ്. ഗ്രാമാന്തരീക്ഷത്തിൽ മിത്തോളജിയുടെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി സാമൂഹിക - രാഷ്‌ട്രീയപരമായ ആശയങ്ങൾ ഈ ചിത്രം ചർച്ച ചെയ്യുന്നു. പലപ്പോഴും തിരക്കഥ രചിക്കുമ്പോൾ എഴുത്തുകാരൻ എന്നുള്ള നിലയിലുള്ള തന്‍റെ സ്വാധീനം കഥാപാത്രങ്ങൾക്കുമേൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അത്തരത്തിൽ എഴുതിക്കൂട്ടുന്ന വൈകാരിക നിമിഷങ്ങൾ പല അതികായന്മാരായ അഭിനേതാക്കളും അഭിനയിച്ച് മികവുറ്റതാക്കുന്നത് ഒരു തിരക്കഥാകൃത്ത് എന്നുള്ള നിലയിൽ സംതൃപ്‌തി നൽകുന്ന കാര്യമാണ്. അക്ഷരങ്ങൾക്കുള്ളിൽ ഞാൻ മെനഞ്ഞ ആശയങ്ങൾ അഭിനേതാക്കൾ ഉൾക്കൊള്ളുമ്പോൾ പലപ്പോഴും മനസിൽ കണ്ടതിൽ നിന്നും ഒരു പടി മേലെ പോകാറുണ്ട്. 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ചിത്രത്തിലെ ബിജുമേനോൻ കഥാപാത്രത്തെ തനിക്ക് ഏറെ ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
'എന്‍റെ സിനിമകൾ എപ്പോഴും ഒരു ചെറിയ ആശയത്തില്‍ നിന്ന് വീണുകിട്ടി ബൃഹത്തായി മാറുന്നതാണ്. തൊണ്ടിമുതലിന്‍റെ ആശയം ലഭിക്കുന്നതും അത്തരം ഒരു ചെറിയ സംഭവത്തിൽ നിന്നുതന്നെ. മകൾക്ക് മൂക്കുത്തി ഇടണമെന്ന് വലിയ ആഗ്രഹമായിരുന്നു. എനിക്കതിൽ വലിയ താത്പര്യം ഇല്ലായിരുന്നു. പക്ഷേ അച്ഛൻ എന്ന നിലയിൽ അവളുടെ ആഗ്രഹത്തിന് എതിർപ്പ് പ്രകടിപ്പിക്കാനുള്ള ധാർമികമായ അവകാശം ഇല്ലല്ലോ. പകരം വേണ്ട എന്ന് പറയാൻ മറ്റൊരു മാർഗം സ്വീകരിച്ചു.
മൂക്കുത്തി ഇട്ടശേഷം ഉറങ്ങുന്ന സമയത്ത് മുക്കുത്തിയുടെ ആണി അബദ്ധത്തിൽ എങ്ങാനും ഊരി പോയാൽ മൂക്കിലൂടെയോ വായിലൂടെയോ അത് വയറ്റിലേക്ക് എത്താൻ സാധ്യതയുണ്ട്. അത് അപകടമാണെന്നും മൂക്കുത്തി ഇടണോ എന്ന് നീ ഒന്നുകൂടി ചിന്തിക്കണമെന്നും മകളോട് പറഞ്ഞു'. മൂക്കുത്തി മോഹത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ പറഞ്ഞ കാര്യമാണ് പിൽക്കാലത്ത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലേക്ക് എത്തിച്ചതെന്ന് സജീവ് പാഴൂർ പറഞ്ഞു.
മൂക്കുത്തി വിഴുങ്ങി പോകുന്നതാണ് ആദ്യം മനസിൽ ഉദിച്ചത്, പിന്നീട് അതൊരു കള്ളനാണ് വിഴുങ്ങുന്നതെങ്കിലോ എന്നായി ചിന്ത. അതൊരു തട്ടിയെടുത്ത മാല ആണെങ്കിലോ. അങ്ങനെ അങ്ങനെ തൊണ്ടിമുതലിന്‍റെ കഥയിലേക്കെത്തി - സജീവ് പാഴൂർ ഓർത്തു.
അലൻസിയറിന്‍റെ അഭിനയവും ഏറെ ഇഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഹാസ്യത്തിന് പ്രാധാന്യം നൽകി 'കേശു ഈ വീടിന്‍റെ നാഥൻ' എന്ന ചിത്രം എഴുതുമ്പോൾ അലൻസിയറിനെ തന്നെയാണ് നായകനായി മനസിൽ കണ്ടത്. സത്യത്തിൽ അദ്ദേഹം ആയിരുന്നു കേശു ആകേണ്ടിയിരുന്നത്. പിന്നീട് സിനിമയുടെ ചിത്രീകരണം അടുത്തപ്പോൾ നിർമാതാവായിരുന്ന ദിലീപ് തന്നെ ആ വേഷം ചെയ്യുകയായിരുന്നു. തിരക്കഥകൾ എഴുതാൻ ശ്രമിക്കുമ്പോൾ ആശയങ്ങൾ ജനങ്ങളുമായി മികച്ച രീതിയിൽ സംവദിക്കണമെന്ന കാര്യം ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സ്‌കോട്ട്‌ലാൻഡിൽ ഇൻട്രൊ സോങ്, മൂസയെ ആർക്കും വിട്ടുകൊടുക്കില്ല ; 'സിഐഡി മൂസ 2' വരുമെന്ന് ജോണി ആന്‍റണി