ആസിഫ് അലി നായകനായെത്തിയ 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിജയഫോര്‍മുല എന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ ഒരു വിജയ ചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമറാനുമായ ബാഹുല്‍ രമേശും തെളിയിച്ചുവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം.
"മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ട് മലയാള സിനിമ തകര്‍ന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്‌കിന്ധാ കാണ്ഡം'കണ്ടത്. ആഹ്ലാദത്തിലേറെ ആശ്വാസമാണ് തോന്നിയത്. വിജയഫോര്‍മുലയെന്ന് പറയപ്പെടുന്ന ഒന്നിനേയും ആശ്രയിക്കാതെ വിജയചിത്രം ഒരുക്കാമെന്ന് സംവിധായകന്‍ ദിന്‍ജിത്തും തിരക്കഥാകൃത്തും ക്യാമാറാമാനുമായ ബാഹുല്‍ രമേശും തെളിയിച്ചിരിക്കുന്നു.
വനമേഖലയോട് ചേര്‍ന്ന ആ വീടും പരിസരവും സിനിമ കണ്ടിറങ്ങിയാലും മനസ്സില്‍ നിന്ന് മായുന്നില്ല. സൂക്ഷ്‌മമായ അഭിനയത്തിലൂടെയും ശബ്‌ദം നിയന്ത്രണത്തിലൂടെയും ആസിഫ് അലി അതിശയിപ്പിച്ചു എന്നു വേണം പറയാന്‍. അഭിനയ സാദ്ധ്യതയുള്ള വേഷം കിട്ടിയാല്‍ വിജയരാഘവന്‍ മിന്നിത്തിളങ്ങുമെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അപര്‍ണാ ബാലമുരളിയും എത്ര പക്വതയോടെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സംഗീതമൊരുക്കിയ മൂജീബിനും പുതിയ തലമുറയില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന ഗുഡ്‌വില്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സിന്‍റെ ജോബി ജോര്‍ജിനും സ്നേഹവും അഭിനന്ദനങ്ങളും എല്ലാ പ്രതിസന്ധികളേയും മറികടക്കാന്‍ നമുക്ക് നല്ല സിനിമകളുണ്ടായാല്‍ മാത്രം മതി. 'കിഷ്‌കിന്ധാ കാണ്ഡം' തീര്‍ച്ചയായും ഒരു മറുപടിയാണ്". സത്യന്‍ അന്തിക്കാട് കുറിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡമെന്ന് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി.
"എന്തൊരു സിനിമ, അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം. എഡിറ്റ്, മ്യൂസിക്, സൗണ്ട് ഡിസൈന്‍, ഛായാഗ്രഹണം എല്ലാം ഒന്നിനൊന്ന് മികച്ചത്. ഇത്രയും പൂര്‍ണമായ ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല. കാണാതെ പോകരുത്". ആനന്ദ് കുറിച്ചു.
Also Read: 'കിഷ്‌കിന്ധാ കാണ്ഡം എഴുതി പൂര്‍ത്തിയാക്കിയത് 8 ദിനം കൊണ്ട്'; വിശേഷങ്ങളുമായി ദിന്‍ജിത്ത് അയ്യത്താന്‍