ജോജു ജോർജിന്‍റെ ആദ്യ സംവിധാന സംരംഭമായ 'പണി'യെ പ്രശംസിച്ച് പ്രശസ്‌ത തെന്നിന്ത്യന്‍ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. പണി അതിശയിപ്പിച്ചുവെന്നും, ജോജു ജോര്‍ജിനും ടീമിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്നും സന്തോഷ് നാരായണൻ സോഷ്യൽ മീഡിയയില്‍ കുറിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'പണി' ട്രെയിലർ പങ്കുവച്ച് കൊണ്ടാണ് അദ്ദേഹം ടീമിനെ അഭിനന്ദിച്ചിരിക്കുന്നത്.
"പണി കണ്ടു. തീർച്ചയായും അതിശയിപ്പിക്കുന്ന ചിത്രം. ഈ അത്‌ഭുതകരമായ ടീമിനെ അഭിനന്ദിക്കുന്നതിനൊപ്പം, സിനിമയ്‌ക്കായി ഒരു പാട്ടും ഏതാനും തീം മ്യൂസിക്കും ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എൻ്റെ പാട്ടിനെ മുൻനിർത്തിയുള്ള ട്രെയിലർ കട്ട് ഇതാ"-ഇപ്രകാരമാണ് സന്തോഷ് നാരായണന്‍ എക്‌സില്‍ കുറിച്ചത്.
Watched #Pani . Absolutely Blown away by the crazy film and honoured to compose a song and a few themes as a small token of appreciation for the amazing team ❤️❤️. Here is the trailer cut to my song 🤗🤗. https://t.co/qf6HjMC9A8
— Santhosh Narayanan (@Music_Santhosh) October 17, 2024
അടുത്തിടെയാണ് 'പണി'യുടെ ട്രെയിലർ റിലീസ് ചെയ്‌തത്. റിലീസിന് പിന്നാലെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്‍റർടെയിനറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒക്ടോബർ 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
ജൂനിയര്‍ ആര്‍ടിസ്‌റ്റായി സിനിമയിലെത്തി, പിന്നീട് സഹ നടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച് അഭിനയിച്ച ചിത്രമാണ് 'പണി'.
രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് ജോജുവിനെ തേടിയെത്തിയത്. 'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടെയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു. മലയാള സിനിമയിലെ തന്‍റെ ഇത്രയും നാളത്തെ അനുഭവ സമ്പത്തുമായാണ് തിരക്കഥാകൃത്തും സംവിധായകനുമായി 'പണി'യിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
അഭിനയ ആണ് ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്നത്. സംസാര ശേഷിയും കേൾവി ശക്‌തിയും ഇല്ലാത്ത പെൺകുട്ടിയാണ് അഭിനയ. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള സിനിമകളില്‍ അഭിനയ വേഷമിട്ടിട്ടുണ്ട്. 2013ല്‍ ഐസക് ന്യൂട്ടന്‍ S/O ഫിലിപ്പോസ്, 2014ല്‍ വണ്‍ ബൈ 2, 2015ല്‍ റിപ്പോര്‍ട്ടര്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ച നടി ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുമ്പോള്‍ ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങിയവരും അറുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 110 ദിവസത്തോളം നീണ്ടു നില്‍ക്കുന്നതായിരുന്നു സിനിമയുടെ ചിത്രീകരണം. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഒരു മാസ്, ത്രില്ലർ, റിവഞ്ച് ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്‌റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
വിഷ്‌ണു വിജയ്, സാം സിഎസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. വേണു ISC ഛായാഗ്രഹണവും, ജിന്‍റോ ജോർജ് ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നു. സ്‌റ്റണ്ട് - ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോഷൻ എൻ.ജി, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പിആർഒ - ആതിര ദിൽജിത്ത്, ഡിജിറ്റൽ പ്രൊമോഷൻ - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: ഇതൊരൊന്നൊന്നര പണിതന്നെ; ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന 'പണി' ട്രെയിലര്‍