ന്യൂഡൽഹി: തെന്നിന്ത്യയുടെയാകെ പ്രിയപ്പെട്ട നടിയാണ് സാമന്ത റൂത്ത് പ്രഭു. 'കുഷി' ആയിരുന്നു താരം നായികയായി തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. പ്രൈം വീഡിയോ സീരീസായ "സിറ്റാഡലി"ന്‍റെ ഇന്ത്യൻ പതിപ്പിലും സാമന്ത പ്രധാന വേഷത്തിലുണ്ട്. 'സിറ്റാഡലി'ന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് പിന്നാലെ താൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതായി താരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സുപ്രധാന പ്രഖ്യാപനവുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സാം (Samantha Ruth Prabhu announces health podcast).
ഹെൽത്ത് പോഡ്‌കാസ്റ്റുമായാണ് താരം ഇത്തവണ എത്തുന്നത്. ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാമന്ത റൂത്ത് പ്രഭു ആരോഗ്യ പോഡ്‌കാസ്റ്റുമായി ജോലിയിലേക്ക് മടങ്ങി എത്തുന്നത്. "സിറ്റാഡൽ" ഇന്ത്യൻ പതിപ്പിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, കഴിഞ്ഞ ജൂലൈയിലാണ് സാമന്ത ജോലിയിൽ നിന്നും ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഇത്.
എന്നാലിപ്പോൾ തന്‍റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സാമന്ത. ശനിയാഴ്‌ചയാണ് 36 കാരിയായ താരം തൻ്റെ മടങ്ങി വരവ് അറിയിച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കിട്ടത്. താൻ ജോലിയിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് താരം വീഡിയോയിൽ പറയുന്നത്.
"ഞാൻ ജോലിയിലേക്ക് മടങ്ങുകയാണ്. ഇത് തീർത്തും അപ്രതീക്ഷിതമാണ്. പക്ഷേ ഞാൻ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്ന, അങ്ങേയറ്റം അഭിനിവേശമുള്ള കാര്യം കൂടിയാണ് ഇത്"- സാമന്ത വീഡിയോ ക്ലിപ്പിൽ പറഞ്ഞു.
ഹെൽത്ത് പോഡ്‌കാസ്റ്റ് അടുത്ത ആഴ്‌ച റിലീസ് ചെയ്യുമെന്നും സാമന്ത പറഞ്ഞു. "നിങ്ങളിൽ ചിലർക്കെങ്കിലും ഇത് വളരെ ഉപയോഗപ്രദമാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ ഏറെ ആസ്വദിച്ചാണ് ഇത് ഒരുക്കിയത്"- സാമന്ത കൂട്ടിച്ചേർത്തു.
അതേസമയം 2022ലാണ് സാമന്ത തന്‍റെ മയോസിറ്റിസ് (myositis) എന്ന രോഗാവസ്ഥയെ കുറിച്ച് ലോകത്തോട് വെളിപ്പെടുത്തിയത്. "യശോദ" എന്ന സിനിമയുടെ റിലീസിന് മുമ്പായാണ് തനിക്ക് മയോസിറ്റിസ് സ്ഥിരീകരിച്ചതായി സാമന്ത സോഷ്യൽ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്. സാധാരണയായി രോഗപ്രതിരോധ സംവിധാനത്തിലെ തകരാര്‍ മൂലം ഉണ്ടാകുന്ന രോഗമാണ് മയോസിറ്റിസ്.
അതേസമയം മയോസൈറ്റിസ് രോഗം സ്ഥിരീകരിച്ചിട്ട് ഒരു വർഷം തികഞ്ഞ വേളയിൽ സാമന്ത സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം രോഗത്തിനെതിരായ തന്‍റെ പോരാട്ട ദിനങ്ങളെ കുറിച്ച് വിവരിച്ചത്. ഒപ്പം ഏതാനും ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.