ഹൈദരാബാദ്: തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ച താരം പിന്നീട് പോഡ്‌കാസ്റ്റുമായി എത്തി ആരാധകരെ ആവേശത്തിലാക്കിയിരുന്നു. അടുത്തിടെ ചെന്നൈയിലെ സത്യഭാമ സർവകലാശാലയിൽ വിശിഷ്‌ടാതിഥിയായി എത്തി 'കുഷി' താരം ആരാധകർക്ക് സർപ്രൈസ് നൽകി.
ഇപ്പോഴിതാ തന്‍റെ സന്ദർശനത്തിന്‍റെ ചിത്രങ്ങൾ 36 കാരിയായ താരം സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. സർവകലാശാലയിലെ തൻ്റെ സന്ദർശനത്തിൻ്റെ നിരവധി ദൃശ്യങ്ങളാണ് താരം ശനിയാഴ്‌ച പുറത്തുവിട്ടത്. 'ഈ സ്‌നേഹം ഒന്നുവേറെ തന്നെ. #SathyabamaUniversity #Chennai' എന്ന് കുറിച്ചുകൊണ്ടാണ് ആരാധകരുടെ പ്രിയപ്പെട്ട സാം ഫോട്ടോകളും വീഡിയോകളും പങ്കുവച്ചത്. ബീജ് പാൻ്റിനൊപ്പം ഓഫ്-വൈറ്റ് ക്രോപ്പ് ബ്ലേസർ ടോപ്പ് മനോഹരമായി ജോഡിയാക്കിയാണ് സാമന്ത വേദിയിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ആരോഗ്യം, ഫിറ്റ്നസ്, ക്ഷേമം എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് സാമന്ത റൂത്ത് പ്രഭുവിൻ്റെ പുതിയ പോഡ്‌കാസ്റ്റ് സംരംഭമായ 'ടേക്ക് 20'വിലെ ആദ്യ വീഡിയോ. ആദ്യ സെഷനിൽ നിന്നുള്ള ഒരു സ്‌നിപ്പറ്റിൽ, ടേക്ക് 20'വിൻ്റെ ലക്ഷ്യങ്ങളും തത്വങ്ങളും അവർ അവതരിപ്പിച്ചു. വെൽനസ് വിദഗ്‌ധനും പോഷകാഹാര വിദഗ്‌ധനുമായ അൽകേഷ് ശരോത്രിയുമായി സാമന്ത അർത്ഥവത്തായ ചർച്ചയിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം.
വ്യക്തികളുടെ ദൈനംദിന ദിനചര്യകളുമായി ബന്ധപ്പെട്ടിട്ടുള്ള മികച്ച ആരോഗ്യ-കേന്ദ്രീകൃത ഉള്ളടക്കം അവതരിപ്പിക്കാനുള്ള ശ്രമമാണ് 'ടേക്ക്20' എന്ന് സാമന്ത വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഒരാളുടെ ജീവിതയാത്ര മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ ഗവേഷണത്തിൻ്റെയും അനുഭവത്തിൻ്റെയും ഉൽപ്പന്നമാണ് ഇതെന്നും താരം പറഞ്ഞു.
അതേസമയം വിജയ് ദേവരകൊണ്ട നായകനായ, റൊമാൻ്റിക് ചിത്രം കുഷിയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. രാജ്, ഡികെ എന്നിവർ സംവിധാനം ചെയ്യുന്ന വരുൺ ധവാൻ ചിത്രം സിറ്റാഡലിലും സാമന്ത പ്രധാന വേഷത്തിലുണ്ട്. പ്രൈം വീഡിയോ സീരീസായ "സിറ്റാഡലി"ന്‍റെ ഇന്ത്യൻ പതിപ്പാണ്ത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് താൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതായി സാമന്ത പ്രഖ്യാപനം നടത്തിയത്.
ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഇടവേള എന്നും താരം വ്യക്തമാക്കിയിരുന്നു. 2022ലാണ് തനിക്ക് മയോസിറ്റിസ് (myositis) സ്ഥിരീകരിച്ചതായി സാമന്ത ലോകത്തോട് വെളിപ്പെടുത്തിയത്. "യശോദ" എന്ന സിനിമയുടെ റിലീസിന് മുമ്പായാണ് തനിക്ക് രോഗവിവരം സാമന്ത സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. സാധാരണയായി രോഗപ്രതിരോധ സംവിധാനത്തിലെ തകരാര്‍ മൂലം ഉണ്ടാകുന്ന രോഗമാണിത്.
തുടർന്ന് ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സാമന്ത റൂത്ത് പ്രഭു ആരാധകർക്കിടയിലേക്ക് ആരോഗ്യ പോഡ്‌കാസ്റ്റുമായി മടങ്ങിയെത്തിയത്. താൻ ജോലിയിലേക്ക് മടങ്ങുകയാണെന്നും ഇത് തീർത്തും അപ്രതീക്ഷിതമാണെന്നുമാണ് താരം മടങ്ങിവരവിൽ പ്രതികരിച്ചത്. താൻ ഏറ്റവും അധികം ഇഷ്‌ടപ്പെടുന്ന, അങ്ങേയറ്റം അഭിനിവേശമുള്ള കാര്യം കൂടിയാണ് ഇതെന്നും സാമന്ത പറഞ്ഞിരുന്നു.
ALSO READ: ഹെൽത്ത് പോഡ്‌കാസ്റ്റുമായി സാമന്ത; ജോലിയിലേക്ക് മടങ്ങുകയാണെന്ന് താരം