'വിരൂപക്ഷ', 'ബ്രോ' എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം സായ് ദുർഘ തേജ് പ്രധാന വേഷത്തിൽ എത്തുന്ന പുതിയ സിനിമ വരുന്നു. 'എസ്‌ഡിടി18' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് കെ പിയാണ്. ചിത്രത്തിന്‍റെ അനൗൺസ്‌മെന്‍റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആക്ഷന് പ്രധാന്യം നൽകിക്കൊണ്ട്, പീരിയോഡിക് ഡ്രാമയായാണ് 'എസ്‌ഡിടി18' ഒരുക്കുന്നത്. പ്രൈംഷോ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ഈ സിനിമയുടെ നിർമാണം. ബിഗ് ബജറ്റിൽ നിർമിക്കുന്ന ചിത്രത്തിൽ വേറിട്ട കഥാപാത്രത്തെയാകും സായ് ദുർഘ തേജ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
ഫസ്റ്റ് ഷെഡ്യൂളിന് മാത്രം പ്രത്യേകം നിർമിച്ച സെറ്റിലാണ് നിലവിൽ ഷൂട്ടിങ് പുരോഗമിക്കുന്നത്. തെലുഗു, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. തേജ സജ്ജയെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'ഹനു-മാൻ എന്ന സിനിമയ്‌ക്ക് ശേഷം പ്രൈംഷോ എൻ്റർടെയിൻമെന്‍റ് നിർമിക്കുന്ന ചിത്രം കൂടിയാണ് 'എസ്‌ഡിടി18'. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ALSO READ: 'ഇനി വില്ലൻ വേഷങ്ങള്‍ക്കില്ല': തുറന്ന് പറച്ചിലുമായി വിജയ് സേതുപതി