'ജയ ജയ ജയ ജയ ഹേ' സംവിധായകൻ വിപിൻ ദാസ് തന്‍റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഫഫദ് ഫാസിൽ ആണ് വിപിൻ ദാസിന്‍റെ പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
തെന്നിന്ത്യൻ താരം എസ് ജെ സൂര്യയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹൈദരാബാദിൽ വിപിൻ ദാസ് എസ് ജെ സൂര്യയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു എന്നും പുതിയ പ്രൊജെക്‌ടിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചു എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാണ്.
സംഗതി ശരിയായാൽ എസ് ജെ സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമാകും ഇത്. കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് എസ് ജെ സൂര്യ. താരത്തിന്‍റെ മലയാള സിനിമയിലേക്കുള്ള ചുവടുവയ്‌പ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ബാദുഷാ സിനിമാസിന്‍റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
അതേസമയം 'ആവേശം' ആണ് ഫഹദ് ഫാസിൽ നായകനായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. 2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്ന 'രോമാഞ്ച'ത്തിന്‍റെ സംവിധായകൻ ജിത്തു മാധവനാണ് ഈ സിനിമ ഒരുക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഈ സിനിമയിലെ പുതിയ ഗാനത്തിന്‍റെ പ്രൊമോഷണല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
കോളജ് വിദ്യാർഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന 'ആവേശം' പെരുന്നാള്‍ - വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തിയേറ്റുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. എ&എ റിലീസാണ് സിനിമ വിതരണം ചെയ്യുന്നത്. 'ഭീഷ്‌മപര്‍വ്വം' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം എ&എ റിലീസ് വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് 'ആവേശം'. ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് ആവേശത്തില്‍ ഫഹദിനൊപ്പം മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
അതേസമയം ചിയാൻ വിക്രം നായകനാകുന്ന, 'ചിയാൻ 62' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് എസ് ജെ സൂര്യ നിലവിൽ അഭിനയിക്കുന്നത്. എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന 'ചിയാൻ 62' സിനിമയിൽ മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും സുപ്രധാന വേഷത്തിലുണ്ട്. ദുഷാര വിജയനാണ് ഈ ചിത്രത്തിലെ നായിക.
ALSO READ: 'ആവേശം' കത്തിക്കയറി, മിന്നിക്കാന്‍ 'ഇല്ലുമിനാറ്റി'; പുതിയ ഗാനം പുറത്ത് - Aavesham Illuminati Song