ഹൈദരാബാദ് : മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം മികച്ച പ്രതികരണം നേടുന്നു. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്‌ച (28-03-2024)യാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജോലിക്കായി സൗദി അറേബ്യയിലെത്തിയ മലയാളിയായ നജീബ് മുഹമ്മദിന്‍റെ യഥാർത്ഥ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിന്‍റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. 2008 ലാണ് ആടുജീവിതം പ്രസിദ്ധീകരിക്കപ്പെട്ടത്.
നീണ്ട 16 വര്‍ഷം ചിത്രത്തിനായി നായകന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രവര്‍ത്തിച്ചതിനാല്‍ തന്നെ ആടുജീവിതം തിയേറ്ററിലെത്താന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. പ്രദര്‍ശനത്തിനെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ പ്രശംസയാണ് ചിത്രം ഏറ്റുവാങ്ങുന്നത്. ഇതിനിടെയാണ് കാന്താര നായകനും സംവിധായകനുമായ റിഷബ് ഷെട്ടി ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തിയത്.
'ആടുജീവിതം- ദി ഗോട്ട് ലൈഫ്' (Aadujeevitham- The Goat Life) എന്ന ചിത്രത്തെക്കുറിച്ച് വളരെ നല്ല അവലോകനങ്ങൾ കേൾക്കുന്നു, നജീബ് മുഹമ്മദ് ആകാനുള്ള പൃഥ്വിരാജ് സുകുമാരന്‍റെ അവിശ്വസനീയമായ അര്‍പ്പണ ബോധം വിസ്‌മയിപ്പിക്കുന്നതാണ്. 16 വർഷത്തെ കഠിനാധ്വാനം കലാശിച്ചത് ഇത്തരമൊരു സിനിമാറ്റിക് മാസ്‌റ്റർപീസിൽ ആണ്. ഇപ്പോൾ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. സിനിമയുടെ ടീമിന് ആശംസകൾ' -എന്ന് റിഷബ് ഷെട്ടി അദ്ദേഹത്തിന്‍റെ എക്‌സില്‍ കുറിച്ചു.
'നന്ദി സഹോദരാ! @shetty_rishab' എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് റിഷബ് ഷെട്ടിയുടെ പോസ്‌റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. നേരത്തെ നടന്മാരായ മോഹൻലാൽ, കമൽഹാസൻ, സൂര്യ എന്നിവരും അതിജീവനത്തിന്‍റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രദര്‍ശനത്തിനെത്തിയ ഇടങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തില്‍ നജീബ് എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.