ഹൈദരാബാദ്: തെലുഗു സൂപ്പർ സ്റ്റാർ രാംചരണും ബോളിവുഡ് താരം ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തുടക്കം. 'ആർസി 16' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബുച്ചി ബാബു സനയാണ്. മൈത്രി മുവി മേക്കേഴ്‌സാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
തന്‍റെ രണ്ടാമത്തെ തെലുഗു ചിത്രത്തിലാണ് രാം ചരണിനൊപ്പം ജാൻവി കപൂർ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുന്നത്. ഈ ചിത്രത്തിൻ്റെ പൂജ ചടങ്ങ് ബുധനാഴ്‌ച (മാർച്ച് 20) നടന്നു. ഇന്ത്യൻ ഔട്‌ഫിറ്റിലാണ് ജാൻവി കപൂറും രാം ചരണും ചടങ്ങിൽ തിളങ്ങിയത്. ഗ്രാൻഡ് ലോഞ്ചിനായി, പച്ച നിറത്തിലുള്ള സാരി ജാൻവി തെരഞ്ഞെടുത്തപ്പോൾ റാം വെള്ള ഷർട്ട് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിൻ്റെ മുഴുവൻ അണിയറ പ്രവർത്തകരും പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു. മൈത്രി മുവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വൃദ്ധി സിനിമാസും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ്. വമ്പൻ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.
അതേസമയം ദേശീയ അവാർഡ് നേടിയ 'ഉപ്പേന' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ബുച്ചി ബാബു സന. അദ്ദേഹത്തിനൊപ്പം ജാൻവിയും രാംചരണും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്. ജൂനിയർ എൻടിആറിനൊപ്പമുള്ള 'ദേവര'യാണ് ജാൻവി തെലുഗു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം.
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഈ വർഷം ഒക്ടോബറിൽ 'ദേവര' റിലീസ് ചെയ്യും.
ഇതിനിടെ തൻ്റെ മകളുടെ തെലുഗു സിനിമയിൽ അഭിനയിക്കാനുള്ള ആവേശവും ആഗ്രഹവും പിതാവും നിർമാതാവുമായ ബോണി കപൂർ പരസ്യമാക്കിയിരുന്നു. ജാൻവി ഒരുപാട് തെലുഗു സിനിമകൾ കാണാറുണ്ടെന്നും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന അഭിനേതാക്കളായ രാം ചരണിനും ജൂനിയർ എൻടിആറിനും ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നത് അവളുടെ ഭാഗ്യമാണെന്നുമാണ് ബോണി കപൂർ പറഞ്ഞത്.
ALSO READ: രാം ചരണിനും സൂര്യയ്‌ക്കുമൊപ്പം ജാൻവി ; പ്രതികരിച്ച് ബോണി കപൂർ
മാർച്ച് 6ന് ജാൻവിയുടെ 27-ാം ജന്മദിനത്തിലാണ് 'RC 16'ലേക്ക് താരത്തെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്റ്റർ നിർമ്മാതാക്കൾ പങ്കുവച്ചത്. അതേസമയം, സംവിധായകൻ ഷങ്കറിൻ്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രമായ 'ഗെയിം ചേഞ്ചറി'ൻ്റെ പ്രീമിയറിനായി തയ്യാറെടുക്കുകയാണ് രാം ചരൺ. കിയാര അദ്വാനി നായികയാകുന്ന ഈ ചിത്രം സമകാലിക രാഷ്‌ട്രീയം ഉൾക്കൊള്ളുന്ന ആക്ഷൻ ഡ്രാമയായാണ് കണക്കാക്കപ്പെടുന്നത്. തെലുഗു, തമിഴ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ഗെയിം ചേഞ്ചർ' പ്രദർശനത്തിനെത്തുക.